ആരാധകരെ ആവേശത്തിലാക്കി സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 ലെ പുതിയഗാനം യൂട്യൂബിൽ വമ്പൻ ഹിറ്റ്. ചിത്രത്തിലെ 'ഹുക്ക് അപ്പ് സോംഗ്' ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷ്റോഫിന്റെ മകൻ ടൈഗർ ഷ്റോഫിന്റെയും ആലിയ ഭട്ടിന്റെയും തകർപ്പൻ ഡാൻസ് തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഗ്ലാമർ ലുക്കിലാണ് ആലിയ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഗാനം ഇതിനോടകം തന്നെ യൂട്യൂബ് ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ മാത്രമാണ് ആലിയ ഭട്ടുള്ളതെന്നാണ് റിപ്പോർട്ട്. സിനിമയിൽ മുഴുനീള കഥാപാത്രമായി ആലിയ ഉണ്ടാവില്ല എന്ന വാർത്ത ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്. താര സതാരിയ, അനന്യ പാണ്ഡ്യ എന്നിവരാണു ചിത്രത്തിലെ നായികമാർ. നിലവിൽ രണ്ടുകോടിയിലധികം പേരാണ് ഗാനം യുട്യൂബിലൂടെ കണ്ടിരിക്കുന്നത്. ഹുക്ക് അപ്പ് സോംഗ് യൂട്യൂബ് ട്രൻഡിംഗ് ലിസ്റ്റിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.
1972ൽ പുറത്തിറങ്ങിയ 'ജവാനി ദിവാനി' എന്ന ചിത്രത്തിലെ 'യേ ജവാനി ഹേ ദിവാനി' എന്ന ഗാനത്തിന്റെ റീമേക്കായി നേരത്തേ പുറത്തിറക്കിയ ചിത്രത്തിലെ ഗാനവും വമ്പൻ ഹിറ്റായിരുന്നു. വിഡിയോയിലെ ടൈഗർ ഷ്റോഫിന്റെ ഡാൻസ് ചിലപ്പോഴൊക്കെ ഹൃത്വിക് റോഷനെ ഓർമിപ്പിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. പുനീത് മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം മെയ് 10ന് തീയറ്ററിലെത്തും.