ishrat-jahan-case

ന്യൂഡൽഹി: ഇസ്രത്​ ജഹാൻ വ്യാജ ഏറ്റമുട്ടൽ കേസിൽ​ മുൻ ഗുജറാത്ത്​​ പൊലീസ്​ ഉദ്യോഗസ്ഥരായ ഡി.ജി വൻസാര, എൻ​​.കെ അമിൻ എന്നിവരെ സി.ബി.ഐ കോടതി വെറുതെവിട്ടു. ഈ കേസുമായി ബന്ധപ്പെട്ട്​ ഇരുവർക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിറുത്തിവയ്‌ക്കാനും പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു​. തങ്ങൾക്കെതിരായ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ഡി.ഐ.ജി​ വൻസാരയും എസ്​.പി അമിനും നൽകിയ ഹർജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്​.

ഗുജറാത്ത്​ തീവ്രവാദ വിരുദ്ധ സ്​ക്വാഡ്​ തലവനായിരുന്നു വൻസാര. അദ്ദേഹത്തിന്റെ കീഴിൽ ജോലി ​ചെയ്​തിരുന്നയാൾ ആയിരുന്നു എൻ.കെ അമിൻ. ഇരുവരെയും പ്രോസിക്യൂട്ട്​ ചെയ്യാൻ ഗുജറാത്ത്​ സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണ്​ കോടതി കേസ്​ ഉപേക്ഷിച്ചത്​. അതേസമയം, വൻസാരയെയും അമിനേയും ​കുറ്റ വിമുക്​തരാക്കുന്നത്​ നീതിക്ക്​ നിരക്കാത്തതും വസ്​തുതകളെ വളച്ചൊടിക്കലുമാണെന്ന്​ ഇസ്രത്​ ജഹാന്റെ മാതാവ്​ ശമീമ കൗസർ കോടതിയിൽ വാദിച്ചു. എന്നാൽ,​ ഈ വാദം കോടതി അംഗീകരിച്ചില്ല.

ഗൂഢാലോചന, നിയമവിരുദ്ധമായി തടങ്കലിൽ വയ്‌ക്കുക, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. മുംബയ് സ്വദേശിനിയായ ഇസ്രത് ജഹാൻ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊലപ്പെടുത്താൻ വന്നുവെന്നാരോപിച്ചാണ് പൊലീസ് വെടിവച്ചുകൊന്നത്. ഈ കേസ് സി.ബി.ഐ ആണ് അന്വേഷിച്ചത്. വൻസാരയെയും അമിനെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഗുജറാത്ത് സർക്കാരിന്റെ അനുമതി തേടിയിരുന്നു.

എന്നാൽ,​ സർക്കാർ അനുമതി നിഷേധിച്ചു. തുടർന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്. മുൻ ഗുജറാത്ത് പൊലീസ് മേധാവി പി.പി പാണ്ഡെയും കേസിൽ പ്രതിയായിരുന്നു. 19 മാസത്തെ ജയിൽവാസത്തിന് ശേഷം 2015 ഫെബ്രുവരിയിൽ അദ്ദേഹത്തിന് ജാമ്യം നൽകി. കഴിഞ്ഞ വർഷം കോടതി ഇദ്ദേഹത്തെയും കേസിൽ നിന്ന് ഒഴിവാക്കി. 2004 ജൂണിലാണ് ഇസ്രത് ഉൾപ്പെടെയുള്ള നാല് പേരെ മോദിയെ വധിക്കാനെത്തിയവരെന്ന് ആരോപിച്ച് അഹ്മദാബാദിൽ പൊലീസ് വെടിവച്ച് കൊന്നത്. ലഷ്‌കർ ഭീകരരാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഏറ്റുമുട്ടൽ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.