സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിച്ച് കയ്യടി നേടുകയാണ് ഹസീന സുനീർ എന്ന യുവസംവിധായിക. തന്റെ ആദ്യ സംരംഭമായ 'പ്രകാശന്റെ മെട്രോ' മേയ് മൂന്നിന് തീയേറ്ററുകളിൽ എത്തുകയാണ്. അതിനിടെയാണ് സ്വന്തം സിനിമയുടെ പോസ്റ്റർ ചുവരിലൊട്ടിക്കുന്ന സംവിധായികയുടം ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. നടൻ അജു വർഗീസാണ് ഹസീന പോസ്റ്റർ ഒട്ടിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എല്ലാ ആശംസകൾ നേരുന്നുവെന്നും അജു ഫേസ്ബുക്കിൽ കുറിച്ചു.
സ്വന്തം ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്നത് കാണുമ്പോൾ ഓരോ യുവ സംവിധായകരുടെയും ഉള്ളം പിടയുമെന്ന് ഉറപ്പാണ്. അണിയറ പ്രവർത്തകരുടെയെല്ലാം പിന്തുണയാണ് ചിത്രം തീയേറ്ററിൽ എത്തിക്കാൻ സാധിച്ചത്. താരമൂല്യം ഇല്ലെന്ന കാരണത്താൽ സിനിമ പലപ്പോഴും തഴയപ്പെട്ടെന്ന് സംവിധായിക വ്യക്തമാക്കി. പോസ്റ്റർ ഒട്ടിക്കുന്നത് പ്രഹസനമാണെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ തന്റെ സിനിമ തീയേറ്ററിലെത്തണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തതെന്ന് സംവിധായിക വ്യക്തമാക്കി. നിരവധി വേദയും യാതനയുമാണ് സിനിമയുടെ പിന്നിൽ തനിക്ക് നേരിടേണ്ടി വന്നതെന്ന് സംവിധായിക കേരള കൗമുദി ഓൺലൈനോട് പറഞ്ഞു.
സംവിധായിക പോസ്റ്റർ ഒട്ടിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായതോടെ നിരവധിപേർ സിനിമയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാൽ ചിത്രം നാളെ തീയേറ്ററുകളിൽ എത്തുമങ്കിലും എത്ര തീയേറ്ററുകളിൽ എത്തുമെന്നോ എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സംവിധായിക വ്യക്തമാക്കി. കുറച്ച് തീയേറ്ററുകളിലെങ്കിലും സിനിമ നാളെ റിലീസ് ചെയ്യാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഹസീന.
റോഡ് മൂവി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഓട്ടോ ഡ്രൈവറായ പ്രകാശൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്. ദിനേഷ് പ്രഭാകറാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ പ്രകാശനെ അവതരിപ്പിക്കുന്നത്. അനഘ ജാനകിയാണ് നായിക. നോബി, സാജു നവോദയ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരിക്കൽ ഒരു പെൺകുട്ടി പറഞ്ഞ ജീവിത കഥയാണ് പ്രകാശന്റെ മെട്രോ എന്ന സിനിമയിലേക്കെത്താൻ പ്രചോദനമായത്. മിത്രൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.