ചെന്നൈ : തമിഴ്നാട്ടിലെ ഇരുപതോളം സ്ഥലങ്ങളിൽ എൻ.ഐ.എ റെയിഡ് നടത്തിയത് കേരളത്തിൽ സ്ഥോടനം നടത്താൻ പദ്ധതിയിട്ടുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണെന്ന് വിവരം. പാലക്കാട് ജില്ലയിൽ നിന്നും അറസ്‌റ്റ് ചെയ്‌ത ഐസിസ് ആശയ പ്രചാരകനായ റിയാസ് അബൂബക്കറിൽ നിന്നും എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലെ എസ്.ഡി.പി.ഐയുടേയും പോപ്പുലർ ഫ്രണ്ടിന്റേയും തൗഹീദ് ജമാഅത്തിന്റേയും ഓഫീസുകളിൽ ഇന്ന് എൻ.ഐ.എ. റെയിഡ് നടത്തിയത്. ശ്രീലങ്കയിൽ സ്‌ഫോടനം നടത്തിയ ചാവേർ ഭീകരനായ സഹ്റാൻ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്നു റിയാസ് അബൂബക്കർ എന്ന് എൻ.ഐ.കണ്ടെത്തിയിരുന്നു. ഏറെ നാളായി ഇയാൾ എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ശ്രീലങ്കയിൽ സ്‌ഫോടനം ഉണ്ടാവുമെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരായിരിക്കുമെന്നും അടക്കമുള്ള വ്യക്തമായ വിവരങ്ങൾ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. എന്നിട്ടും ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്താൻ ശ്രീലങ്കൻ സുരക്ഷ ഏജൻസിക്ക് കഴിഞ്ഞിരുന്നില്ല.
ശ്രീലങ്കയിൽ ബോംബ് സ്‌ഫോടനം ഉണ്ടായതിന് ശേഷമാണ് എൻ.ഐ.എ കേരളത്തിലെ വിവിധ ഇടങ്ങളിൽ തുടരെ റെയിഡ് നടത്തിയത്. പാലക്കാട് നിന്നും റിയാസ് അബൂബക്കറെ കസ്റ്റഡിയിലെടുക്കുകയും കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. എൻ.ഐ.എ ഐ.ജി അലോക് മിത്തൽ നേരിട്ടെത്തി ഇയാളെ ചോദ്യം ചെയ്തത് അറസ്റ്റിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. റിയാസ് അബൂബക്കറിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഐസിസിൽ ചേരുവാനായി രാജ്യം വിട്ടവർ സ്വന്തം നാട്ടിലും രക്തപ്പുഴയൊഴുക്കാൻ ആഗ്രഹിച്ചിരുന്നു എന്നത് ഗൗരവത്തോടെയാണ് സുരക്ഷ ഏജൻസികളെക്കുന്നത്. പുതുവൽസരാരംഭത്തിൽ കേരളത്തിൽ സ്‌ഫോടനങ്ങൾക്ക് ഇവർ പദ്ധതിയിട്ടിരുന്നതായും ഇതിന് പിന്നിൽ കേരളത്തിൽനിന്ന് ഐസിസിൽ ചേർന്ന റാഷിദ് അബ്ദുല്ലയാണെന്ന് റിയാസ് മൊഴി നൽകിയിരുന്നു.
കേരളത്തിൽ ആക്രമണം നടത്താനുള്ള സ്‌ഫോടക വസ്തുക്കൾ ശേഖരിക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നു. കുംഭകോണം, കാരയ്ക്കൽ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ടിന്റേയും തൗഹീദ് ജമാഅത്തിന്റേയും ഓഫീസുകളിലാണ് എൻ.ഐ.എ റെയിഡ് നടത്തിയത്.