ban-burqa

ന്യൂഡൽഹി: ഈസ്‌റ്റർ ദിനത്തിൽ നടന്ന സ്ഫോ‌ടനത്തിന് പിന്നാലെ ശ്രീലങ്കയിലെ പൊതുനിരത്തിൽ മുഖം മറയ്‌ക്കുന്ന ബുർഖ പോലുള്ള വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ഇന്ത്യയിലും ബാധകമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. തങ്ങളുടെ മുഖപത്രമായ സാമ്‌നയിലാണ് ശിവസേന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ഇന്ത്യയിൽ ബുർഖ നിരോധിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് വ്യക്തമാക്കിയ ബി.ജെ.പി ദേശീയ വക്താവ് ജി.വി.എൽ നരസിംഹ റാവു സേനയുടെ ആവശ്യം തള്ളി.

എൻ.ഡി.എ ഘടകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അതാവാലയും ബുർഖ നിരോധിക്കണമെന്ന ആവശ്യം നിരാകരിച്ചു. ബുർഖ ധരിക്കുന്നവരെല്ലാം തീവ്രവാദികൾ ആണെന്ന് താൻ കരുതുന്നില്ല. അവർ തീവ്രവാദികളാണെങ്കിൽ ബുർഖ നിർബന്ധമായും മാറ്റണം. ചിലരുടെ സംസ്‌ക്കാരം അങ്ങനെയാണെന്നും ഇക്കാര്യം സംരക്ഷിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാവണന്റെ നാട്ടിൽ നടപ്പിലാക്കിയ ബുർഖ നിരോധനം രാമന്റെ നാട്ടിലും നടപ്പിലാക്കണമെന്നാണ് ശിവസേന തങ്ങളുടെ മുഖപത്രത്തിൽ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയാണ്.പൊതുനിരത്തിൽ ബുർഖ ധരിക്കുന്ന ആളുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി അടിയന്തരമായി ഇത് നിരോധിക്കണമെന്നും സേന ആവശ്യപ്പെടുന്നു. ബുർഖ ധരിക്കുന്ന ആളുകൾ ദേശസുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാണ്. ഇക്കാര്യം കേന്ദ്രസർക്കാർ അടിയന്തരമായി പരിഗണിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

ദേശീയ തലത്തിൽ ബുർഖയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്നതിന് പിന്നാലെയാണ് തങ്ങളുടെ നേതൃത്വത്തിലുള്ള കോളേജുകളിൽ മുഖാവരണം വിലക്കിക്കൊണ്ട് എം.ഇ.എസ് കോളേജ് സർക്കുലർ പുറത്തിറക്കിയത്. പൊതുഇടങ്ങളിൽ മുഖം മറച്ചുള്ള വസ്ത്ര ധാരണം വേണ്ടെന്ന എം.ഇ.എസ് കോളേജിന്റെ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തി. എം.ഇ.എസിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മുഖംമറച്ച വസ്ത്രം ധരിക്കരുത് എന്നായിരുന്നു നിർദേശം. ഇതിനെതിരെയാണ് സമസ്തയടക്കമള്ള മുസ്ലീം സംഘടനകൾ രംഗത്തെത്തിയത്. ഇത് വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും, എം.ഇ.എസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും സമസ്‌ത വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത അദ്ധ്യയന വർഷം മുതൽ എം.ഇ.എസ്​ കോളജുകളിൽ മുഖം മറച്ചുള്ള വസ്​ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സർക്കുലർ എം.ഇ.എസ്​ പ്രസിഡന്റ് ഡോ. പി.കെ ഫസൽ ഗഫൂറാണ്​ പുറത്തുവിട്ടത്​. കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്​ പുതിയ നിയമമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. പൊതു സമൂഹത്തിന്​ സ്വീകാര്യമല്ലാത്ത വിധത്തിലുള്ള വേഷവിധാനങ്ങൾ അത്​ ആധുനികയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന്​ സർക്കുലറിൽ പറയുന്നു. 2019-20 അദ്ധ്യയന വർഷം മുതൽ അത്​ പ്രാവർത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉൾപ്പെടുത്തി പുതിയ അദ്ധ്യയന വർഷത്തെ കോളേജ്​ കലണ്ടർ തയാറാക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.


എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും തീരുമാനം അനിസ്‌ലാമികമാണെന്നും സമസ്‌ത പ്രതികരിച്ചു. അതേസമയം, തീരുമാനങ്ങൾ നടപ്പിലാക്കാൻ സമസ്‌തയുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു ഫസൽ ഗഫൂറിന്റെ നിലപാട്. അതേസമയം, ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. മുഖം മറക്കുന്ന ഇത്തരം വേഷങ്ങൾ ആധുനിക ജനാധിപത്യത്തിന് ചേർന്നതല്ല. മുഖം മൂടുന്ന വസ്ത്രങ്ങൾക്കെതിരെ മുസ്ലിം സമുദായത്തിൽ നിന്നുതന്നെ എതിർപ്പുകൾ ഉയർന്നുവരേണ്ട സമയം അതിക്രമിച്ചെന്ന് അഭിഭാഷകനായ അഡ്വ. സി ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു. മുഖം മൂടി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നത് വസ്ത്രസ്വാതന്ത്ര്യമായി കാണാൻ കഴിയില്ല. പർദ്ദയോടല്ല, നിഖാബിനോടാണ് തനിക്ക് എതിർപ്പെന്നും ഷുക്കൂ‌‌‌ർ പറയുന്നു.

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ ചിത്രത്തിന് നേരെ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ വെടിയുതിർത്തിരുന്നു. അതുകൊണ്ട് കാവി വസ്ത്രം നിരോധിച്ചേക്കാമെന്ന് ഷംനു ഇബ്നു ഷംസുദ്ദീൻ എന്ന യുവാവ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. വേൾഡ് ട്രേഡ് സെന്റ‌ർ തകർക്കാൻ വിമാനമാണ് ഉപയോഗിച്ചതെന്നും അതിനാൽ വിമാനത്തെ നിരോധിക്കുമോ എന്നും ഇദ്ദേഹം കുറിപ്പിൽ ചോദിക്കുന്നു. എന്ത് ധരിക്കണമെന്നും എന്ത് ധരിക്കരുതെന്നും നിർബന്ധം പിടിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.