priyanka-gandhi

റായ്ബറേലി: ഏതെങ്കിലും വിധത്തിൽ ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാൾ നല്ലത് തന്റെ മരണമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയും ബി.ജെ.പിക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലിയെ പ്രചാരണത്തിനിടയിൽ ഒരു ദേശീയ മാദ്ധ്യമത്തോടാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.

ബി.എസ്.പി അദ്ധ്യക്ഷ മായാവതി കോൺഗ്രസിനെ ആക്രമിക്കുമ്പോൾ അത് പ്രയോജനപ്പെടുന്നത് ബി.ജെ.പിക്കാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്. എന്നാലും ഞാൻ അവരെ സഹായിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ബി.ജെ.പിയുടെ വോട്ടുവിഹിതം കുറയ്‌ക്കാനാണ് കോൺഗ്രസ് ചില സ്ഥാനാർത്ഥികളെ നിറുത്തിയതെന്നായിരുന്നു ഇന്നലെ റായ്ബറേലിയിൽ പ്രിയങ്കയുടെ അവകാശവാദം. സ്ഥാനാർത്ഥികൾ ശക്തരായ ഇടങ്ങളിൽ കോൺഗ്രസ് ജയിക്കും. അല്ലാത്ത സ്ഥലങ്ങളിൽ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറയ്‌ക്കുമെന്നും പ്രിയങ്ക മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് ഒരിടത്തും ദുർബല സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നില്ലെന്നും ജനങ്ങൾ അവരുടെ കൂടെയല്ലാത്തതിനാൽ നടത്തുന്ന ന്യായീകരണങ്ങളാണ് ഇതൊക്കെയെന്നും അഖിലേഷ് പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകളിൽ എനിക്കു വിശ്വാസമില്ല. കോൺഗ്രസ് എവിടെയെങ്കിലും ദുർബല സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു പാർട്ടിയും അങ്ങനെ ചെയ്തിട്ടില്ല. ജനങ്ങൾ അവരുടെ കൂടെയില്ലാത്തതുകൊണ്ടാണ് അവർ ഇങ്ങനെ ന്യായീകരണങ്ങൾ പറയുന്നത്.’- അഖിലേഷ് പറഞ്ഞു.