gst

കൊച്ചി: കേന്ദ്രസർക്കാരിന് ആശ്വാസമേകി ഏപ്രിലിൽ ജി.എസ്.ടി സമാഹരണം സർവകാല ഉയരം കുറിച്ചു. 1.13 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം ലഭിച്ചത്. മാർച്ചിലെ ഇടപാടുകളുടെ നികുതിയാണ് ഏപ്രിലിൽ പിരിക്കുന്നത്. 2018 ഏപ്രിലിൽ ലഭിച്ച 1.03 ലക്ഷം കോടി രൂപയേക്കാൾ 10.05 ശതമാനം അധികമാണിത്. ഇക്കഴിഞ്ഞ മാർച്ചിൽ ലഭിച്ച 1.06 ലക്ഷം കോടി രൂപയുടെ റെക്കാഡാണ് പഴങ്കഥയായത്. കഴിഞ്ഞമാസം 72.13 ലക്ഷം റിട്ടേണുകളും (ജി.എസ്.ടിആർ 3ബി)​ സമർപ്പിക്കപ്പെട്ടു. ഇതും റെക്കാഡാണ്.

കഴിഞ്ഞമാസത്തെ മൊത്തം ജി.എസ്.ടി സമാഹരണത്തിൽ 54,​733 കോടി രൂപ സംയോജിത ചരക്ക്-സേവന നികുതിയാണ് (ഐ.ജി.എസ്.ടി)​. കേന്ദ്ര ജി.എസ്.ടിയായി (സി.ജി.എസ്.ടി)​ 21,​163 കോടി രൂപയും സംസ്‌ഥാന ജി.എസ്.ടിയായി (എസ്.ജി.എസ്.ടി)​ 28,​801 കോടി രൂപയും സെസ് ഇനത്തിൽ 9,​168 കോടി രൂപയും ലഭിച്ചു. കേന്ദ്ര ജി.എസ്.ടിയിൽ 23,​289 കോടി രൂപയും സെസിലെ 1,​053 കോടി രൂപയും ഇറക്കുമതിക്കുമേൽ ചുമത്തിയ നികുതിയാണ്. കേന്ദ്ര ജി.എസ്.ടിയായ 2018-19ൽ ആകെ 4.25 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന് ലഭിച്ചു. നടപ്പു സാമ്പത്തിക വർഷം (2019-20)​ ലക്ഷ്യമിടുന്നത് 6.01 ലക്ഷം കോടി രൂപയാണ്.

16.05%

കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രതിമാസ ജി.എസ്.ടി സമാഹരണം 98,​114 കോടി രൂപയായിരുന്നു. ഇതു പരിഗണിക്കുമ്പോൾ ഏപ്രിലിൽ സമാഹരണത്തിലുണ്ടായ വർദ്ധന 16.05 ശതമാനമാണ്.

യു.പി.ഐ ഇടപാടിൽ ഇടിവ്; മൂല്യത്തിൽ ഉണർവ്

പണമിടപാടുകൾ ഡിജിറ്റലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ 'അഭിമാന" പദ്ധതിയായ യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ)​ വഴിയുള്ള ഇടപാടുകൾ കഴിഞ്ഞമാസം രണ്ടു ശതമാനം ഇടിഞ്ഞു. എന്നാൽ,​ ഇടപാട് ചെയ്യപ്പെട്ട പണത്തിന്റെ മൂല്യം ആറ് ശതമാനം വർദ്ധിച്ചു. മാർച്ചിൽ 80 കോടി ഇടപാടുകൾ നടന്നപ്പോൾ കഴിഞ്ഞമാസം അത് 78.2 കോടിയായി കുറഞ്ഞുവെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ)​ വ്യക്തമാക്കി.

അതേസമയം,​ കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ മൂല്യം 1.33 ലക്ഷം കോടി രൂപയിൽ നിന്ന് 1.42 ലക്ഷം കോടി രൂപയായി ഉയർന്നു. സർക്കാരിന്റെ യു.പി.ഐ മൊബൈൽ ആപ്പായ ഭീം വഴി കഴിഞ്ഞമാസം 1.55 കോടി ഇടപാടുകളിലായി 6,​583 കോടി രൂപയുടെ കൈമാറ്രം നടന്നു.