കൊച്ചി: ഗായികയും നടിയും അവതാരകയുമായ റിമി ടോമി വിവാഹമോചനത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരുവരും പരസ്പര സമ്മതത്തോടെ എറണാകുളം കുടുംബ കോടതിയിൽ വിവാഹ മോചന ഹർജികൾ ഫയൽ ചെയ്തെന്നാണ് റിപ്പോർട്ട്. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. പരസ്പര സമ്മതത്തോടെയാണ് ഇരുവരും പിരിയുന്നതെന്ന് അടുത്ത സുഹൃത്തുക്കൾ അറിയിച്ചു.
സംഗീതമേഖലയിൽ ചെറുപ്പം മുതൽ സജീവമായിരുന്ന റിമി മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനത്തോടെയാണ് ചലച്ചിചത്ര മേഖലയിൽ കാലെടുത്തു വയ്ക്കുന്നത്. പിന്നെ ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിദ്ധ്യമായി മാറി. ബൽറാം VS താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാൽ അന്ന് ഏറെ പ്രോത്സാഹിപ്പിച്ചത് ഭർത്താവായിരുന്നെങ്കിലും പിന്നീട് മറ്റുചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ അദ്ദേഹത്തിന് അതൃപ്തിയുള്ളതായും റിമിനേരത്തെ പറഞ്ഞിരുന്നു. 11 വർഷത്തെ ദാമ്പത്യ ജീവിതം താരം അവസാനിപ്പിക്കുകയാണെന്ന വാർത്ത പുറത്തുവന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.