modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും,​ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് നൽകിയ പരാതികൾ ഉടൻ തീർപ്പാക്കണമെന്ന് സുപ്രീം കോടതി.​ ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മേയ് ആറിന് മുൻപ് തീർപ്പുണ്ടാക്കണമെന്നും സുപ്രീം കോടതി നിർദേശം നൽകി.

മോദിക്കും അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ നിർദേശം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് 11പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ സമർപ്പിച്ചത്.

മുഴുവൻ പരാതികളിൽ നിന്ന് രണ്ടെണ്ണം തീർപ്പാക്കിയെന്ന് ചിഫ് ജസ്റ്റ‌ി‌സ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചിനോട് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. മേയ് ആറിന് മുൻപ് എല്ലാ പരാതികളിലും തീരുമാനം ഉണ്ടാവണമെന്നും ഇല്ലെങ്കിൽ കേസ് കോടതി പരിഗണിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.അതേസമയം,​ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് കോൺഗ്രസ് സമർപ്പിച്ച പരാതികളിൽ രണ്ടെണ്ണത്തിലും ക്ലീൻ ചിറ്റാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയത്.