ലണ്ടൻ: അമേരിക്കയുടെ നയതന്ത്ര രഹസ്യരേഖകൾ ചോർത്തി വിക്കിലീക്സ് വെബ്സൈറ്റ് വഴി പുറത്തുവിട്ടു കോളിളക്കമുണ്ടാക്കിയ
വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് സൗത്ത്‌വാർക്ക് ക്രൗൺ കോടതി 50 ആഴ്ച തടവുശിക്ഷ വിധിച്ചു. ജാമ്യ നിബന്ധന പാലിക്കാതെ 2012 ൽ ഇക്വഡോർ എംബസിയിൽ അഭയം തേടിയതിനാണ് ശിക്ഷ.
2010 ൽ യു.എസ് സർക്കാരിന്റെ നയതന്ത്ര രേഖകൾ ചോർത്തി വിക്കിലീക്സിൽ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുന്ന അസാൻജ് കഴിഞ്ഞ 7 വർഷമായി തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോർ രാഷ്ട്രീയാഭയം നൽകിയതിനെ തുടർന്ന് ലണ്ടനിലെ അവരുടെ എംബസിയിൽ താമസിക്കുകയായിരുന്നു.
ലൈംഗികാതിക്രമ കേസുകളിൽ ഇന്റർപോൾ നേരത്തേ അസാൻജിനെതിരെ റെഡ് കോർണർ പുറപ്പെടുവിച്ചിരുന്നു. ഇതു വച്ചാണ് ലണ്ടൻ പൊലീസ് അസാൻജിനെ അറസ്റ്റ് ചെയ്തത്. കോടതി മുറിയിൽ നിന്നു ജയിലിലേക്കു പുറപ്പെടുന്നതിന് മുൻപ് അസാൻജ് മുഷ്ടി ചുരുട്ടി കോടതി മുറിയിലെ ഗാലറിയിലിരുന്നവരെ അഭിവാദ്യം ചെയ്തു. വിക്കിലീക്ക്സ് രഹസ്യ രേഖകൾ പുറത്തു വിട്ടതിനുള്ള പ്രതികാരമായി അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് കേസുകളെന്നാണ് വിക്കിലീക്ക്സ് പറയുന്നത്.