poonam-sinha-

ഏഴു ഘട്ടങ്ങളുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനത്തോടടുക്കവേ, അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച. ഏഴു സംസ്ഥാനങ്ങളിലായുള്ള 51 മണ്ഡ ലങ്ങളിലേക്കാണ് മേയ് ആറിലെ പോളിംഗ്. താരതമ്യേന കുറവു മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടക്കുന്ന ഘട്ടവും ഇതുതന്നെ. ബീഹാർ, ജമ്മു കശ്‌മീർ, ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബംഗാൾ സംസ്ഥാനങ്ങളാണ് അഞ്ചാം ഘട്ടത്തിൽ പങ്കാളികളാവുക. അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരിൽ മഹാകോടീശ്വരി പൂനം സിൻഹയാണ്. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ നടൻ ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യയായ പൂനം നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച രേഖകളനുസരിച്ച് സമ്പാദ്യം 193.54 കോടി രൂപ.

ഭ‌ർത്താവ് കോൺഗ്രസിലാണെങ്കിലും പൂനം അഖിലേഷ് യാദവ് പക്ഷത്താണ്. സമാജ്‌വാദി സ്ഥനാർത്ഥിയായി മത്സരം യു,പിയിലെ ലക്‌നൗവിൽ നിന്ന്. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പോയി അഞ്ചു തവണ തിരഞ്ഞെടുക്കപ്പെട്ട ലക്‌നൗ ബി.ജെ.പിയുടെ ഉരുക്കുകോട്ടയാണ്. സിറ്റിംഗ് എം.പിയാകട്ടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്നാഥ്സിംഗ്. 2,72,749 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച ലക്‌നൗവിൽ അന്ന് എസ്.പി സ്ഥാനാർത്ഥി അഭിഷേക് മിശ്രയ്‌ക്കു കിട്ടിയത് 56,771 വോട്ട്. 1968-ലെ മിസ് യംഗ് ഇന്ത്യ കിരീടം നേടിയ പൂനം സിൻഹ 1970-കളിൽ ബോളിവുഡിൽ നിരവധി ചിത്രങ്ങളിൽ നായികയായി. അക്കൂട്ടത്തിൽ 1973-ൽ തിയേറ്ററുകളിലെത്തിയ സബക് എന്ന ചിത്രത്തിൽ ശത്രുഘ്‌നൻ സിൻഹയായിരുന്നു നായകവേഷത്തിൽ. അതിനു ശേഷമായിരുന്നു വിവാഹം. വിവാഹശേഷം, കുടുംബകാര്യങ്ങൾ ശ്രദ്ധിച്ച് സിനിമയിൽ നിന്ന് അകന്നുനിന്ന പൂനം പിന്നീട് മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം സ്ക്രീനിലെത്തിയത് പ്രശസ്‌തമായ ജോധാ അക്‌ബർ എന്ന ചിത്രത്തിലൂടെ. അതിൽ ഹൃത്വിക് റോഷൻ അവതരിപ്പിച്ച അക്ബർ ചക്രവർത്തിയുടെ അമ്മയുടെ റോളായിരുന്നു പൂനത്തിന്. കഷ്‌ടിച്ച് രണ്ടാഴ്‌ചയേ ആയുള്ളൂ പൂനം സമാജ്‌വാദി പാർട്ടിയിൽ അംഗത്വമെടുത്തിട്ട്.