modi-and-rahul

ന്യൂഡൽഹി: 2014ൽ താൻ അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയിൽ ഭീകരാക്രമണവും ബോംബ് സ്ഫോടനങ്ങളും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. 2014നും ശേഷം പുൽവാമയും പത്താൻകോട്ടും ഉറിയും ഗഡ്ചിറോളിയിലും 942 മറ്റു പ്രധാന സ്ഫോടനങ്ങളും നടന്നെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ചെവി തുറന്ന് കേൾക്കണമെന്നും രാഹുൽ തന്റെ ട്വീറ്റിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി മോദിയ്‌ക്കെതിരെ രംഗത്തെത്തിയത്.


കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഒരു ഭീകരാക്രമണവും ഉണ്ടായിട്ടില്ലെന്ന് അയോദ്ധ്യയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി അവകാശപ്പെട്ടിരുന്നു. ശ്രീലങ്കയിലെ ഭീകരാക്രമണം ഉയർത്തിക്കാട്ടിയ മോദി, 2014ന് മുമ്പ് ഇന്ത്യയുടെ സ്ഥിതി ശ്രീലങ്കയുടേത് പോലെ ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ രാജ്യത്ത് സുശക്തമായ സർക്കാരുണ്ടെന്നുമാണ് പറഞ്ഞത്.

പ്രധാനമന്ത്രിയുടെ അവകാശവാദിത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരവും രംഗത്തെത്തിയിരുന്നു. മൊഹ്റ, ദണ്ഡേവാഡ, പലാമു, ഔറംഗബാദ്, കൊരാപുട്, സുക്മ, അവാപള്ളി, ഛത്തിസ്ഗഢ് തുടങ്ങിയ സ്ഫോടനങ്ങൾ നടന്ന സ്ഥലങ്ങളുടെ പട്ടികയും ചിദംബരം പുറത്തുവിട്ടിരുന്നു. ഓർമ നഷ്ടപ്പെടുകയോ സ്ഥിര സ്വഭാവമോ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ആരെങ്കിലും പ്രധാനമന്ത്രിക്കുവേണ്ടി ഇതൊന്നു വായിച്ചുകൊടുക്കുമോയെന്ന് ചിദംബരം ട്വീറ്റിൽ പറഞ്ഞിരുന്നു.