election-2019

ന്യൂഡൽഹി: ഭോപ്പാൽ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞാ സിംഗ് താക്കൂറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശിക്ഷാനടപടി. പ്രചാരണം നടത്തുന്നതിന് 72 മണിക്കൂർ വിലക്കാണ് ശിക്ഷ. ഇന്നലെ രാവിലെ ആറിനാണ് വിലക്ക് ആരംഭിച്ചത്. തുടർന്ന് 72 മണിക്കൂർ നേരത്തേക്കു പൊതുയോഗങ്ങൾ, റാലി, റോഡ്‌ഷോ, അഭിമുഖം എന്നിവയിലൊന്നും പങ്കെടുക്കാൻ സാധിക്കില്ല.

ഹേമന്ദ് കർക്കറെയുടെ മരണം, ബാബറി മസ്ജിദ് തകർക്കൽ എന്നീ വിഷയങ്ങളിൽ പ്രജ്ഞ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

പ്രജ്ഞ വിശദീകരണം നൽകിയിരുന്നെങ്കിലും ഇതൊന്നും തൃപ്തികരമല്ലെന്നും പ്രജ്ഞ നടത്തിയ പരാമർശങ്ങൾ പ്രകോപനങ്ങളുണ്ടാക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസിൽ വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.