raveesh-kumar

ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എൻ നടപടി സ്വാഗതാർഹമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവിഷ് കുമാർ പറഞ്ഞു. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കേണ്ടത് ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. പുൽവാമ ആക്രമണമാണ് യു.എന്നിന്റെ തീരുമാനത്തിന് കാരണമായതെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറല്ല. പാകിസ്ഥാൻ എല്ലാവരുടെയും ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മസൂദിനെ പോലുള്ളവരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് പാകിസ്ഥാന് നയതന്ത്ര തലത്തിൽ വലിയ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ സംബന്ധിച്ച് യു.എൻ സ്വീകരിച്ച നടപടി ഗുണകരമാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷമായി ആഗോള ഭീകരരുടെ പട്ടികയിൽ മസൂദ് അസറിനെ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. യു.കെയും ബ്രിട്ടനും യു.എസും ഉൾപ്പെട്ട രാജ്യങ്ങൾ അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് യു.എന്നിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. രേഖകൾ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം ചൈന ഇതിൽ നിന്ന് പിന്മാറിയതോടെയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.