നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച എട്ട് കിലോ കുങ്കുമപ്പൂവ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ദുബായിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് യാസർ അറാഫത്ത് പിടിയിലായി.
കൊച്ചിയിൽ നിന്ന് ഇന്നലെ പുലർച്ചെ സ്പൈസ് ജെറ്റിൽ ദുബായിയിലേക്ക് പോകാനെത്തിയതായിരുന്നു പ്രതി. ചെക്കിംഗ് ബാഗിൽ ഒളിപ്പിച്ചാണ് കുങ്കുമപ്പൂവ് കടത്തുവാൻ ശ്രമിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും ഗുണനിലവാരമുള്ള 'കാശ്മീരി കുങ്കുമപ്പൂവ്' എന്നറിയപ്പെടുന്ന കുങ്കുമപ്പൂവാണ് പിടിച്ചെടുത്തത്. ഇന്ത്യയിൽ ഇതിന് കിലോഗ്രാമിന് 2.50 ലക്ഷം രൂപയാണ് വിലയെങ്കിലും വിദേശത്ത് കിലോഗ്രാമിന് 50 ലക്ഷം രൂപ വരും.
പിടിയിലായയാൾ കുങ്കുമപ്പൂവ് കടത്തിലെ ഇടനിലക്കാരനാണെന്നാണ് സൂചന. ഇയാൾക്ക് യാത്ര ചെയ്യുന്നതിനുള്ള വിമാനടിക്കറ്റും ഇരുപതിനായിരം രൂപയുമാണ് പ്രതിഫലം നൽകുന്നതെന്നാണ് വിവരം. കുങ്കുമപ്പൂവ് കൈമാറിയ ആളെക്കുറിച്ചും ദുബായിൽ വാങ്ങുവാൻ വരുന്നയാളെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടില്ല. വിശദമായി ചോദ്യം ചെയ്ത് വരുന്നു.