ന്യൂഡൽഹി: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സി.ബി.ഐ പ്രതിചേർത്ത മുൻ പൊലീസ് ഉദ്യോഗസ്ഥരായ ഡി.ജി. വൻസാര, എൻ.കെ. അമിൻ എന്നിവരെ സി.ബി.ഐ കോടതി കേസിൽ നിന്നും ഒഴിവാക്കി. ഗൂഢാലോചന, തടഞ്ഞുവയ്ക്കൽ, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു ഇവർക്കുമേൽ ചുമത്തിയിരുന്നത്.
വിചാരണ ചെയ്യാൻ ഗുജറാത്ത് സർക്കാർ അനുമതി നിഷേധിച്ചതോടെയാണ് കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമിനും വൻസാരയും കോടതിയെ സമീപിച്ചത്. ഇതോടെ സ്‌പെഷൽ സി.ബി.ഐ കോടതി ജഡ്ജി ജെ.കെ. പാണ്ഡ്യ ഇവരെ കേസിൽനിന്നു ഒഴിവാക്കുകയായിരുന്നു. ഉദ്യോഗസ്ഥർ കൃത്യ നിർവഹണം നടത്തുകയാണ് ചെയ്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഇസ്രത് ജഹാൻ കേസിൽ സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 7 പേരിൽ ഗുജറാത്ത് മുൻ ഡി.ജി.പി പി.പി. പാണ്ഡെയെ തെളിവുകളുടെ അഭാവത്തിൽ കോടതി ഒഴിവാക്കിയിരുന്നു. അതേ ന്യായം ഉന്നയിച്ച് തങ്ങളെയും വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഡി.ഐ.ജി വൻസാരയും മുൻ എസ്.പി അമിനും അപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു. എന്നാൽ വിചാരണ ചെയ്യാൻ സർക്കാർ അനുമതി നിഷേധിച്ചതോടെ ഇവരേയും കേസിൽ നിന്ന് ഒഴിവാക്കേണ്ട അവസ്ഥയായി.
മുംബൈയ്ക്ക് സമീപമുള്ള മുംബ്ര സ്വദേശിയായ 19 ഇസ്രത്തിനെയും സുഹൃത്തുക്കളായ മലയാളി ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷൻ ജോഹർ എന്നിവരെയും ഗുജറാത്ത് പൊലീസ് 2004 ജൂൺ 15ന് അഹമ്മദാബാദിൽ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്നാണ് കേസ്.
അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കറെ തയിബ ഭീകരസംഘാംഗങ്ങളാണ് ഇവരെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഏറ്റുമുട്ടൽ വ്യാജമായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് വിട്ടത്.