സംശയം വേണ്ട. കസേരയിൽ പ്രിയങ്കാ ഗാന്ധി തന്നെ. കൈയിൽ പാമ്പും! സ്ഥലം യു.പിയിലെ റായ് ബറേലി. അമ്മ സോണിയാ ഗാന്ധിയുടെ ഇരിപ്പു മണ്ഡലം. പാർട്ടിയുടെ പ്രചാരണ ചുമതല പ്രിയങ്കയ്‌ക്ക്. കിഴക്കൻ യു.പിയാകെ കറങ്ങിയടിച്ച്, ആൾക്കൂട്ടത്തെ കൈയിലെടുത്ത് റായ് ബറേലിയിൽ എത്തിയപ്പോൾ വഴിയോരത്ത് ആൾക്കൂട്ടം. നോക്കിയപ്പോൾ പാമ്പാട്ടിയാണ്. കൂടയിൽ പല സൈസിൽ ചുരുണ്ടുകിടപ്പുണ്ട്, ഉരഗരാജന്മാർ. രാഷ്‌ട്രീയത്തിലേക്ക് ഔദ്യോഗികമായി ഇറങ്ങിയിട്ട് കുറച്ചേ ആയുള്ളൂവെങ്കിലും ഇതിനകം പല വെമ്പാലകളെയും അടുത്തു പരിചയപ്പെട്ടതുകൊണ്ടാകാം, പ്രിയങ്കയ്‌ക്ക് പേടി തോന്നിയില്ല. കുനിഞ്ഞ്, കൂടയിലേക്കു കൈയിട്ട് ഒരുത്തനെ എടുത്തു! എന്നിട്ട് പുറകിൽ നിന്നയാളോട് ഒരു ഡയലോഗും: ഇത് ഒന്നും ചെയ്യില്ല; പിന്നെന്തിനാ പേടി? തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് പല അഭ്യാസങ്ങളും കാണുമെങ്കിലും, 'പാമ്പുപിടിത്തം' പരീക്ഷിക്കുന്നത് ആദ്യമായിരിക്കും.
എന്തായാലും പ്രിയങ്കയുടെ അഭ്യാസം വൈറൽ. അതിനൊപ്പം പഴയൊരു ചിത്രം കൂടി വീണ്ടും സമൂഹ മാദ്ധ്യമത്തിൽ ഹിറ്റായി. പ്രിയങ്കയുടെ മുതുമുത്തച്ഛൻ ജവഹർലാൽ നെഹ്രു ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഒരു പാമ്പാട്ടിയുടെ അഭ്യാസം കണ്ടുനിൽക്കുന്നതാണ് പഴയ ചിത്രം. സഹോദരി വിജയലക്ഷ്‌മി പണ്ഡിറ്റും അമേരിക്കൻ പ്രഥമ വനിത ജാക്വിലിൻ കെന്നഡിയും കൂടെയുണ്ട്. നെഹ്രു പേടിയില്ലാതെ കണ്ടുനിന്നെങ്കിൽ, മകളുടെ കൊച്ചുമകൾ അതിനെ കൈയിലെടുത്തില്ലെങ്കിലല്ലേ അദ്‌ഭുതമുള്ളൂ!
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, കഴിഞ്ഞ നാലു ഘട്ടങ്ങളിലായി വോട്ടെടുപ്പു പ്രക്രിയ പൂർത്തിയാക്കി കൗണ്ടിംഗിനു കാത്തിരിക്കുന്ന ഒഡിഷ അവിചാരിതമായാണ് ഫോനിപ്പേടിയിലായത്. ഇന്ന് ഉച്ചയ്‌ക്കു മുമ്പ്, മണിക്കൂറിൽ ഇരുന്നൂറു കിലോമീറ്ററോളം വേഗതയിൽ ഒഡിഷ തീരം തൊടുമെന്നു പ്രതീക്ഷിക്കുന്ന ഫോനി വ്യാപകമായ നാശനഷ്‌ടങ്ങൾക്ക് ഇടയാക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ പേടി അതല്ല. 21 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടുകൾ സ്ട്രോംഗ്റൂമിലിരിക്കുന്നതേയുള്ളൂ. സ്ട്രോംഗ് റൂം എന്നാണ് പേരെങ്കിലും, അത് കാവൽനിൽക്കുന്ന സൈനികരുടെ ബലമാണ്. മഴയത്ത് സട്രോംഗ് റൂം ചോർന്നൊലിക്കില്ലെന്ന് ഒരുറപ്പുമില്ല. യന്ത്രം വെള്ളത്തിലായാൽ ആകെ കുഴയും.
വോട്ടിംഗ് യന്ത്രങ്ങൾ സ്ഥലംമാറ്റണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ സംസ്ഥാന വരണാധികാരികളോട് നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ഫോനി നാശം വിതയ്‌ക്കാനിടയുള്ള മണ്ഡലങ്ങളിലെ ഇ.വി.എമ്മുകൾ അടിയന്തരമായി മാറ്റുകയും ചെയ്‌തു. ഇനി ഫോനി വരുമ്പോഴറിയാം, പുത്രിയ സ്ട്രോംഗ്റൂമുകളുടെ മേൽക്കൂരബലം! ഫോനി മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷ തീരത്തുനിന്ന് എട്ടുലക്ഷം പേരെയാണ് മാറ്റിത്താമസിപ്പിച്ചിരിക്കുന്നത്.