foni

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഇന്ന് ഒഡിഷ തീരത്തെത്തുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷയിലെ തീരമേഖലയിൽനിന്ന് എട്ടുലക്ഷം പേരെ ഒഴിപ്പിച്ചു. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, നാവിക സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.

മണിക്കൂറിൽ 200 കി.മീ വരെ വേഗതയിൽ ആഞ്ഞടിച്ചേക്കാവുന്ന ചുഴലിക്കാറ്റ് ഒഡിഷയിലെ 11 ജില്ലകളിൽ കനത്തനാശം വിതച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. 11 ജില്ലകളിൽനിന്ന് ഒഴിപ്പിക്കുന്നവരെ താത്കാലികമായി താമസിപ്പിക്കാൻ 880 സുരക്ഷിതകേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഒഡിഷ സർക്കാർ അറിയിച്ചു. പുരിയിൽനിന്ന് വിനോദസഞ്ചാരികൾക്ക് മടങ്ങാനായി മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കും.

ബംഗാൾ ഉൾക്കടലിലെ ഒ.എൻ.ജി.സി റിഗ്ഗുകളിൽ നിന്ന് ഇന്നല ഉച്ചയോടെ 500 തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, റിഫൈനറികളുടെ പ്രവർത്തനം നിറുത്തിവച്ചിട്ടില്ല.

പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേനയുടെ 28 സംഘങ്ങളാണ് ഒഡിഷയിലെത്തിയിരിക്കുന്നത്. 12 സംഘങ്ങൾ ആന്ധ്രപ്രദേശിലും ആറു സംഘങ്ങൾ പശ്ചിമബംഗാളിലും ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേ മുപ്പതിലധികം സംഘങ്ങൾ ഏത് സാഹചര്യവും നേരിടാനായി സജ്ജരാണ്.

81 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 81 ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു. റദ്ദാക്കിയ ട്രെയിനുകളിൽ സീറ്റ് ബുക്ക് ചെയ്തവർ യാത്രചെയ്യാനുദ്ദേശിച്ച ദിവസത്തിന് മൂന്ന് ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയാൽ പണം മടക്കി നൽകുമെന്ന് റെയിൽവേ അറിയിച്ചു.

യാത്രക്കാർക്കാവശ്യമായ സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും റെയിൽവേ അറിയിച്ചു.

ഹൗറ ചെന്നൈ സെൻട്രൽ കോറോമാൻഡൽ എക്സ്‌പ്രസ്, പട്ന എറണാകുളം എക്സ്‌പ്രസ്, ന്യൂഡൽഹി ഭുവനേശ്വർ രാജധാനി എക്സ്‌പ്രസ്, ഹൗറ ഹൈദരാബാദ് ഈസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ്, ഭുവനേശ്വർ രാമേശ്വരം എക്സ്‌പ്രസ് എന്നിവയാണ് റദ്ദാക്കിയ ചില പ്രധാന ട്രെയിനുകൾ.

യാത്രക്കാർക്കായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പരും റെയിൽവേ നൽകിയിട്ടുണ്ട്.