ജയ്‌പുർ: തീവ്രവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണ് ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ യു.എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിലൂടെ നേടിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ ലക്ഷ്യം വയ്‌ക്കുന്നവർക്കെതിരായ സർക്കാർ പദ്ധതികളുടെ ആദ്യ പടിയാണിത്.
'ഇന്ന് മുതൽ രാജ്യം ആരിൽ നിന്നെങ്കിലും അപായ വെല്ലുവിളി നേരിടുകയാണെങ്കിൽ അവരെ വീട്ടിൽ കയറി നിഷ്‌കാസനം ചെയ്യും. അവർ നമുക്കെതിരെ വെടിയുതിർത്താൽ നാം അവർക്കെതിരെ ബോംബ് വർഷിക്കും. ഇത് വെറും തുടക്കം മാത്രമാണ്. എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം'- ജയ്‌പൂരിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
ഇത് മോദിയുടെ മാത്രം വിജയമല്ല, ഇത് രാജ്യത്തെ 130 കോടി ജനങ്ങളുടെ കൂടി വിജയമാണ്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കൊപ്പം നിന്ന അന്താരാഷ്ട്ര സമൂഹത്തോട് കൃതജ്ഞതയുണ്ടെന്നും മോദി പറഞ്ഞു.