maoist-attack
Maoist attack

മുംബയ്: മഹാരാഷ്ട്രയിൽ ഗട്ചിറോളിയിൽ ചൊവ്വാഴ്ച മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ 15 സൈനികർക്ക് വീരമൃത്യു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടു. സൈനികർ പട്രോളിംഗ് നടത്തുന്നതിനിടെ ഇവരുടെ വാഹനത്തിന് നേരെ ഐ.ഇ.ഡി സ്‌ഫോടനമുണ്ടായെന്നാണ് വിവരം.

കഴിഞ്ഞ11ന് ഗട്ചിറോളിയിൽ വോട്ടെടുപ്പിനിടെ മാവോയിസ്റ്റുകൾ പോളിംഗ് ബൂത്ത് ആക്രമിച്ചിരുന്നു. അന്ന് ആർക്കും പരിക്കേറ്റിരുന്നില്ല.

സൈനികർ സഞ്ചരിച്ചിരുന്ന വാഹനം ആക്രമണത്തിൽ പൂർണമായും തകർന്നു. 16 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് റോഡ് നിർമാണത്തിന് കൊണ്ടുവന്ന 27 യന്ത്രങ്ങൾ മാവോവാദികൾ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന് ശേഷം കൂടുതൽ സൈനികരെ ഇവിടേക്ക് വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടലും തെരച്ചിലും തുടരുകയാണ്. അക്രമികളിൽ ചിലർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ അപലപിച്ചു.