messi

യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ ബാഴ്സലോണയ്ക്കും അയാക്സിനും ജയം

മെസിയുടെ ഇരട്ടഗോൾ മികവിൽ ബാഴ്സ ലിവർപൂളിനെ കീഴടക്കി

നൗകാമ്പ്: ലയണൽ ആന്ദ്രേ മെസിയെന്ന അർജന്റീനക്കാരന്റെ മാസ്മരികതയ്ക്ക് മുന്നിൽ ഫുട്ബാൾ ലോകം ഒരിക്കൽക്കൂടി തലവണങ്ങി. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്നല നടന്ന ആദ്യപാദസെമിയിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനെ ലയണൽ മെസിയുടെ ഇരട്ടഗോളുകളുുടെ മികവിൽ 3-0ത്തിന് കീഴടക്കി ബാഴ്സലോണ ഫൈനലിലേക്ക് വ്യക്തമായ മുൻതൂക്കം നേടി. സ്വന്തം തട്ടകമായ ആൻഫീൽഡിൽ ഏഴാം തിയതി രാത്രി നടക്കുന്ന രണ്ടാം പാദത്തിൽ മികച്ച ജയം നേടാനായെങ്കിൽ മാത്രമേ ലിവർപൂളിന് തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉറപ്പിക്കാനാകൂ.സ്വന്തം തട്ടകമായ നൗകാമ്പിൽ നടന്ന മത്സരത്തിൽ മെസിയെക്കൂടാതെ ലൂയിസ് സുവാരസും ലക്ഷ്യം കണ്ടു. ചാമ്പ്യൻസ് ലീഗിൽ ഹോം മാച്ചുകളിൽ തോൽവി അറിയാതുള്ള ബാഴ്സയുടെ റെക്കാഡ് പ്രയാണം 32 മത്സരങ്ങളായി ഉയർത്താനും അവർക്ക് ഈ മത്സരത്തിലൂടെ കഴിഞ്ഞു.

ബാൾ പൊസഷനിലും തൊടുത്ത ഷോട്ടുകളിലും പാസിംഗിലും അല്പം മുൻതൂക്കം ലിവർപൂളിനായിരുന്നെങ്കിലും ഗോൾ കണ്ടെത്താൻ അവർക്കായില്ല. ക്രോസ് ബാറിന് കീഴിൽ ബാഴ്സയുടെ ഷോട്ട് സ്റ്റോപ്പർ ടെ‌ർ സ്റ്റെഗാന്റെ തകർപ്പൻ സേവുകളും അവർക്ക് വിലങ്ങ് തടിയായി.

ഇരുപത്തിയാറാം മിനിറ്രിലാണ് സുവാരസ് ബാഴ്സയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഇരുടീമുകളും തുടർന്നും ആക്രമണം നടത്തിയെങ്കിലും വലകുലുങ്ങിയില്ല. രണ്ടാം പകുതിയിൽ പ്രസ് ചെയ്ത് കളിച്ച് ലിവർപൂൾ താരങ്ങൾ മെസിക്ക് തലവേദന സൃഷ്ടിച്ചെങ്കിലും പതറാതെ കളിച്ച മെസി 75, 82 മിനിറ്രുകളിൽ നേടിയ ഗോളുകളിലൂടെ തന്റെ പ്രതിഭയുടെ മിന്നിലാട്ടം ഒരിക്കൽക്കൂടി ലോകത്തിന് കാട്ടിക്കൊടുത്ത് ബാഴ്സയുടെ ജയമുറപ്പിക്കുകയായിരുന്നു.

ഗോൾ, ഗോൾ, ഗോൾ

26-ാം മിനിറ്ര് :

ബാഴ്സയുടെ ആദ്യ ഗോൾ സുവരാസ് വക.

ജോർഡി ആൽബ അതിമനോഹരനായി നീട്ടിക്കൊടുത്ത പന്ത് രണ്ട് ലിവർപൂൾ ഡിഫൻഡർമാർക്കിടയിലൂടെ ഓടിക്കയറിയ സുവാരസ് പറന്ന് ചാടി വലങ്കാലുകൊണ്ട് സുന്ദരമായി വലയിലേക്ക് തിരിച്ചുവിടുന്നു. ഗോളി അലിസണ് ഒന്നും ചെയ്യാനായില്ല.

75-ാം മിനിറ്റ്

മെസി ബാഴ്സയുടെ രണ്ടാം ഗോൾ നേടുന്നു.സുവാരസിന്റെ ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു. റീബൗണ്ട് പടിച്ചെടുത്തുള്ള മെസിയുടെ പിഴവില്ലാത്ത ഫിനിഷ്. ബാഴ്സയ്ക്കായി മെസിയുടെ 599-ാം ഗോൾ.

82-ാം മിനിറ്ര്

മെസിയടെ മഴവിൽ ഗോൾ. 30 വാര അകലെ നിന്ന്

മെസിയെടുത്ത ഫ്രീകിക്ക് ലിവർപൂൾ പ്രതിരോധത്തിനരികിലൂടെ മഴവില്ല് പോലെ വലഞ്ഞ് ഗോളി അലിസണെയും മറികടന്ന് വലകുലുക്കി. ബാഴ്സയ്ക്കായി മെസിയുടെ അറുന്നൂറാം ഗോൾ.