dileep

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് രേഖയാണോ അതോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രിം കോടതി. കേസിൽ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് കൊടുത്ത ഹർജിയിലാണ് കോടതി സർക്കാരിനോട് ചോദ്യം ഉന്നയിച്ചത്. ഇക്കാര്യത്തിൽ മറുപടി വെള്ളിയാഴ്ച അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

ഈ ആവശ്യവുമായി ബന്ധപ്പെട്ട് ദിലീപ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ആവശ്യം തള്ളുകയാണ് ചെയ്തത്. തുടർന്ന് കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് വീണ്ടും ഹർജി നൽകിയത്. മെമ്മറി കാർഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കിൽ ദിലീപിന് കൈമാറണമോ എന്നകാര്യത്തിൽ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ പറഞ്ഞു. എന്നാൽ മെമ്മറി കാർഡ് തൊണ്ടിമുതലാണെങ്കിൽ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിക്കുകയും ചെയ്തു. എന്നാൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നൽകിയാൽ ഇരയ്ക്ക് സ്വതന്ത്രമായി മൊഴി നൽകാനാവില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വാദം.