mushtaq

ലക്‌നൗ: ' പൊലീസ് മാമാ,എന്റൊപ്പം വീട്ടിലേക്ക് ഓടി വായോ... അച്ഛനിതാ അമ്മയെ തല്ലിക്കൊല്ലുന്നേ...' - പൊലീസ് സ്റ്റേഷനിലേക്ക് ഓടി കിതച്ചെത്തിയ എട്ടുവയസുകാരൻ പറഞ്ഞു. ഒന്നരകിലോമീറ്ററോളം നിറുത്താതെ ഓടിയെത്തിയ അവനെ അരികിലിരുത്തി പൊലീസുകാരൻ കുടിവെള്ളം നൽകിയെങ്കിലും അമ്മയെ അടിക്കുന്നത് ഓർത്ത് ഭയന്ന് കരഞ്ഞ അവന് കുടിക്കാനായില്ല. 'അമ്മയെ രക്ഷിക്കൂ' എന്നവൻ ആവർത്തിച്ചുകൊണ്ടിരുന്നു... ഒടുവിൽ പൊലീസെത്തി അച്ഛനെ പിടികൂടി. ഒപ്പം ഗാർഹിക പീഡനത്തിനെതിരെ പ്രതികരിച്ച 8 വയസുകാരൻ മുഷ്‌താഖ് സോഷ്യൽ മീഡിയയിലും താരമായി.

ഉത്തർപ്രദേശിലെ സാന്ത് കബീർനഗറിലാണ് സംഭവം. വീട്ടിൽ അച്ഛൻ അമ്മയെ മർദ്ദിക്കുന്നത് കണ്ട് ഭയന്ന മുഷ്‌താഖ് കരഞ്ഞുകൊണ്ട് പൊലീസ് സ്‌റ്റേഷനിലേക്ക് ഓടുകയായിരുന്നു. കരഞ്ഞുതളർന്ന മുഖവുമായി സ്‌റ്റേഷനിലേക്ക് കയറിവന്ന കുട്ടിയെ കണ്ട് പൊലീസുകാരും ആദ്യം അമ്പരന്നു. അച്ഛൻ അമ്മയെ മർദ്ദിക്കുന്ന വിവരം മുഷ്‌താഖ് പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. കാര്യങ്ങൾ വിശദമായി കേട്ട ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും കുട്ടിയുടെ അച്ഛനെ പിടികൂടുകയുമായിരുന്നു.

ഗാർഹികപീഡനത്തിനിരയായ അമ്മയെ രക്ഷിക്കാനായി ഒന്നരകിലോമീറ്റർ ദൂരം ഓടി പൊലീസ് സ്‌റ്റേഷനിലെത്തിയ 8 വയസുകാരനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന രാഹുൽ ശ്രീവാസ്തവ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ട്വിറ്റർ കുറിപ്പാണ് സംഭവം പുറത്തെത്തിച്ചത്.

ട്വീറ്റ് വൈറലായതോടെ മുഷ്താഖ് സോഷ്യൽമീഡിയയിൽ താരമായി. നിരവധിപേർ മുഷ്താഖിനെ അഭിനന്ദിച്ച് രംഗത്തെത്തി.