teekaram-meena

കണ്ണൂർ: തൃക്കരിപ്പൂരിൽ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവർത്തകൻ കെ.ശ്യാംകുമാറിനെതിരെ കേസെടുക്കും. തൃക്കരിപ്പൂരിലേത് പ്രഥമദൃഷ്ട്യാ കള്ളവോട്ടെന്ന് തെളിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ശ്യാംകുമാറിനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയതായി മീണ അറിയിച്ചു. പോളിങ് ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം നടത്തി തുടർനടപടികൾക്കായി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനും ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു.

പിലാത്തറയിൽ കള്ളവോട്ട് ചെയ്ത മൂന്ന് സി.പി.എമ്മുകാർക്കെതിയും നേരത്തെ കേസെടുത്തിരുന്നു. ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രിമനൽ കു​റ്റങ്ങൾ ചുമത്തിയാണ് കേസ്. കല്യാശേരി പുതിയങ്ങാടിയിൽ കള്ളവോട്ടു ചെയ്തുവെന്ന് ആരോപണമുയർന്ന ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, ആഷിഖ് എന്നിവരുടെ മൊഴി കാസർകോട് കളക്ടർ രേഖപ്പെടുത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മ​റ്റുരണ്ടുപേരെ കൂടി ചോദ്യംചെയ്തശേഷം റപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകും

തളിപ്പറമ്പിൽ 28 പ്രവാസി വോട്ടുകൾ യു.ഡി.എഫ് കള്ളവോട്ടാക്കിയെന്ന സി.പി.എം ആരോപണത്തെ പ്രതിരോധിച്ച് ലീഗ്. പട്ടികയിലുള്ള മൂന്നു വോട്ടർമാരെ മാദ്ധ്യമങ്ങൾക്കു മുന്നിൽ ഹാജരാക്കി. തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തിൽ പ്റവാസികളുടെപേരിൽ യു.ഡി.എഫ് കള്ളവോട്ട് ചെയ്തുവെന്ന് സി.പി.എം പുറത്തുവിട്ട പട്ടികയിലെ മൂന്നുപേരെയാണ് ലീഗ് നേതൃത്വം ഹാജരാക്കിയത്. എം. സാബിത്ത്, എം. മുഹമ്മദ് അൻവർ, കെ.വി. താജുദ്ദീൻ എന്നിവർ സി.പി.എം ആരോപണം നഷേധിച്ചു. പട്ടികയിലെ എം. ഷബീർ വോട്ട് ചെയ്ത ശേഷം ഗൾഫിൽ മടങ്ങിയതിന്റെ യാത്രാരേഖകളും ലീഗ് പുറത്തുവിട്ടു. പട്ടികയിലുള്ള ബാക്കിയുള്ളവരെക്കുറിച്ച് പരിശോധിച്ച് വരുന്നതായും ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു