കായംകുളം: പൊലീസിൽ എ.ഡി.ജി.പി മുതൽ ഡ്രൈവർ വരെയുള്ള ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയ സംഘം വീണ്ടും പിടിയിൽ. കഴിഞ്ഞ വർഷം കോട്ടയത്ത് ഇതുപോലെ തട്ടിപ്പ് നടത്തി പിടിയിലായി ജാമ്യത്തിലിറങ്ങിയ ഒരു യുവതി ഉൾപ്പെടെ അഞ്ചുപേരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷന് ഏറെ അകലെയല്ലാതെ കെട്ടിടം വാടകയ്ക്കെടുത്ത് ഓഫീസ് തുറന്നായിരുന്നു തട്ടിപ്പ്.
കോട്ടയം കൊല്ലാട് വട്ടക്കുന്നേൽ ഷൈമോൻ പി. പോൾ ( 40), കോട്ടയം ഒളശ ചെല്ലിത്തറയിൽ ബിജോയ് മാത്യു (35), ആലപ്പുഴ കലവൂർ കുളങ്ങരയിൽ മനു (25), എറണാകുളം പൊന്നാരിമംഗലം പുളിത്തറയിൽ മനു ഫ്രാൻസിസ് (27), പത്തനംതിട്ട തീയാടിക്കൽ കണ്ടത്തിങ്കൽ സോണി തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്. കായംകുളം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
കായംകുളം ചേരാവള്ളി ആരൂടത്ത് ജംഗ്ഷനിലായിരുന്നു ഇവരുടെ ഓഫീസ്. ഓഫീസിനകത്ത് പൊലീസ് എന്ന് ബോർഡ് എഴുതി വച്ചിരുന്നു. യൂണിഫോമും പൊലീസ് എന്നെഴുതിയ ബോലെറോ ജീപ്പും ഇവർ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. 4500 രൂപയാണ് ജോലിക്കുള്ള രജിസ്ട്രേഷൻ ഫീസായി വാങ്ങിയിരുന്നത്.
വ്യാജമായി നിർമ്മിച്ച പൊലീസിന്റെ ബാഡ്ജുകൾ, യൂണിഫോം, ലെറ്റർ പാഡുകൾ, സീലുകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ ഇവിടെനിന്ന് കണ്ടെടുത്തു. ഓഫീസ് ഒഫ് ദ ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്‌സ് എന്നുള്ള ബോർഡ് ഓഫീസിൽ വച്ചിരുന്നു. ഹെഡ് ഓഫീസ് തിരുവനന്തപുരമെന്നും ഡിവിഷൻ ഓഫീസ് കായംകുളം ചേരാവള്ളിയെന്നും ഇതിൽ രേഖപ്പെടുത്തി.
എ.ഡി.ജി.പി, എസ്.ഐ, ട്രാഫിക് വാർഡർ, ഡ്രൈവർ എന്നീ തസ്തികകളിലേക്ക് നിയമനം വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയത്. പൊലീസിൽ വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് പിടിയിലായവർ ഇടപഴകിയിരുന്നത്. കഴിഞ്ഞ വർഷം കോട്ടയത്തും ഇതുപോലെയായിരുന്നു തട്ടിപ്പ്. പൊലീസിലെയും മറ്റും ചില ഉന്നതരുമായി ഇവർക്കു ബന്ധമുണ്ടാകുമെന്ന് അന്ന് സംശയിക്കപ്പെട്ടിരുന്നു.
താമരക്കുളം സ്വദേശി സൻജുവിൽ നിന്നു കായംകുളത്തെ ട്രാഫിക് പൊലീസിൽ നിയമനം നൽകാമെന്ന് പറഞ്ഞ് 30,000 രൂപ വാങ്ങി എന്ന പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അൻപതോളം പേർ പണം നൽകി രജിസ്റ്റർ ചെയ്തതായി കണ്ടെത്തി.
പ്രതികൾ പിടിയിലായതോടെ തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി എത്തി. വിശദമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കായംകുളം സി.ഐ പി.കെ. സാബു, എസ്.ഐ ഷാരോൺ എന്നിവർ പറഞ്ഞു.
എ.ഡി.ജി.പി ആകാൻ 50,000
എസ്.ഐക്ക് 30,000
എസ്.ഐ ആകാൻ 30,000 രൂപയും എ.ഡി.ജി.പി ആകാൻ 50,000 രൂപയുമായിരുന്നു സംഘത്തിന്റെ റേറ്റ്. കോട്ടയത്തെ തട്ടിപ്പിനുശേഷം ജാമ്യത്തിലിറങ്ങിയ പ്രതികൾ കായംകുളത്തേക്ക് എത്തുകയായിരുന്നു. പൊലീസുകാരനാകാനും എസ്.ഐയാകാനും, എ.ഡി.ജി.പിയാകാനും മരമണ്ടന്മാരായ യുവാക്കൾ ഇവിടെ ക്യൂ നിന്നു.
പൊലീസ് സ്റ്റേഷൻ പോലെയായിരുന്നു ഓഫീസ്. പൊലീസ് യൂണിഫോമുകൾ, ഡ്യൂട്ടി രജിസ്റ്റർ, ഡിവൈ.എസ്.പിയുടേതെന്ന് തോന്നിപ്പിക്കുന്ന സ്റ്റാർ ചിഹ്നം ഉള്ള യൂണിഫോമുകൾ, മെമ്മോ രജിസ്റ്റർ, അപ്പോയിന്റ്മെന്റ് ഓർഡറുകൾ എന്നിവയും ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനായി ഇവിടെ സൂക്ഷിച്ചിരുന്നു. പലപ്പോഴും യൂണിഫോം അണിഞ്ഞായിരുന്നു പ്രതികളുടെ നടപ്പ്.
കഴിഞ്ഞവർഷം ആഗസ്റ്റ് എട്ടിനാണ് സമാനമായ കേസിൽ ഇവർ കോട്ടയത്ത് അറസ്റ്റിലായത്.