ടോക്യോ : ജപ്പാനിൽ ഹെയ്‌സെയ് ഭരണയുഗത്തിന് അന്ത്യംകുറിച്ച് 125-ാമത് ചക്രവർത്തിയായ അകിഹിതോ ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞു. ടോക്യോയിലെ ഇംപീരിയൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ രാജകീയവസ്ത്രത്തിനൊപ്പം സ്വർണവും തവിട്ടും നിറങ്ങളുള്ള അരപ്പട്ടയും കറുത്ത തൊപ്പിയുമണിഞ്ഞെത്തിയ അകിഹിതോ ചക്രവർത്തി ജമന്തിപ്പൂക്കളാൽ അലങ്കരിച്ച കിരീടം മകനും അടുത്ത ചക്രവർത്തിയുമായ നാറുഹിതോയ്ക്ക് കൈമാറി. 200 വർഷത്തിനിടെ ഇതാദ്യമായാണ് ജപ്പാനിൽ ഒരു ചക്രവർത്തി പദവി ഉപേക്ഷിക്കുന്നത്.
86കാരനായ അകിഹിതോ പ്രായാധിക്യവും അസുഖങ്ങളും കാരണം 2016ലാണ് പദവിയൊഴിയുന്നതായി പ്രഖ്യാപിച്ചത്. 1989ലാണ് അകിഹിതോ ചക്രവർത്തിയായത്.
ചൊവ്വാഴ്ച രാവിലെ ഷിന്റോ ചടങ്ങുകളോടെയാണ് സ്ഥാനത്യാഗ പരിപാടികളാരംഭിച്ചത്. ദൈവങ്ങൾക്കും പൂർവികർക്കും മുന്നിൽ സ്ഥാനത്യാഗം അറിയിക്കുന്നുവെന്ന് വിശ്വസിക്കുന്ന ചടങ്ങാണ് ഷിന്റോ. ഇംപീരിയൽ കൊട്ടാരത്തിലെ മാത്സു നോ മ എന്നറിയപ്പെടുന്ന ഹാളിനുള്ളിലായിരുന്നു പ്രധാന ചടങ്ങുകൾ. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഉൾപ്പെടെ മുന്നൂറിലേറെ വിശിഷ്ടാതിഥികൾ പങ്കെടുത്തു. ബുധനാഴ്ച മുതൽ നാറുഹിതോയ്ക്കു കീഴിൽ പുതിയ ഭരണകാലത്തിന് തുടക്കമായി.