കോഴിക്കോട്: അടുത്ത അദ്ധ്യയന വർഷം മുതൽ തങ്ങളുടെ കോളേജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം അനുവദിക്കില്ലെന്ന് മുസ്ലിം എഡ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) വ്യക്തമാക്കി. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂറിന്റെ സർക്കുലറിൽ പറയുന്നു.
വിദ്യാഭ്യാസത്തിലൂടെ മുസ്ലിം സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമാക്കുന്ന എം.ഇ.എസ് എന്തുകൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
എം.ഇ.എസിന്റെ കോളേജുകളിലെ വിദ്യാർത്ഥികൾ പാഠ്യ-പാഠ്യേതര മികവിനൊപ്പം വേഷവിതാനത്തിലും ഔചിത്യം പുലർത്തണമെന്ന നിഷ്‌കർഷയുണ്ട്. അതിനാൽ പൊതുവായി സ്വീകാര്യമല്ലാത്ത വേഷങ്ങൾ ആധുനികതയുടെ പേരിലായായലും മതാചാരങ്ങളുടെ പേരിലായാലും അനുവദിക്കില്ല.
വിദ്യാർത്ഥിനികൾ മുഖം മറയ്‌ക്കുന്ന വസ്ത്രത്തോടെ ക്ലാസിൽ വരുന്നില്ലെന്ന് അദ്ധ്യാപകർ ഉറപ്പാക്കണം. വിവാദത്തിന് ഇടം കൊടുക്കാതെ 2019-20 അദ്ധ്യയന വർഷം മുതൽ അത് പ്രാവർത്തികമാക്കണം. ഇക്കാര്യം നിയമമായി ഉൾപ്പെടുത്തി പുതിയ അദ്ധ്യയന വർഷത്തെ കോളേജ് കലണ്ടർ തയാറാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
മതപരമായ കാര്യങ്ങളിൽ
എം.ഇ.എസ് ഇടപെടേണ്ട: സമസ്ത
മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ എം.ഇ.എസിന് അധികാരമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഒരോ സ്ഥാപനത്തിലും അവരുടേതായ നിയമങ്ങൾ ഉണ്ടാകും. അത് അവർക്ക് നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യാം.
ഫസൽ ഗഫൂറായാലും ആരായാലും മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അധികാരമില്ല. അതാണ് സമസ്തയുടെ നിലപാട്. അവരുടെ കാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ല. തിരിച്ചും അത് പ്രതീക്ഷിക്കുന്നുണ്ട്. നിഖാബ് വിശ്വാസത്തിന്റെ ഭാഗമാണ്. അത് നിരോധിക്കാൻ പാടില്ല. സലഫിസത്തിന് മുമ്പുള്ള വസ്ത്രമാണ് നിഖാബ് . പ്രവാചകന്റെ കാലം മുതലേയുള്ള വസ്ത്രമാണത്. അന്യപുരുഷന്മാർ കാണുമെന്നുണ്ടെങ്കിൽ സ്ത്രീകൾ നിർബന്ധമായും അത് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.