elsaa

കൂത്താട്ടുകുളം : എം.സി റോഡിൽ കൂത്താട്ടുകുളം അമ്പലംകുന്നിന് സമീപം ടിപ്പർലോറിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. പള്ളിത്തോട് കല്ലാടംപൊയ്ക പുതുപ്പറമ്പിൽ അനിമോന്റെയും മഞ്ജുവിന്റെയും മകൻ എബിൻ (14), അനിമോന്റെ ജ്യേഷ്ഠൻ ജോസഫിന്റെയും ബീനയുടെയും ഏകമകൾ അലീന എൽസാ ജോസഫ് (18) എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അനിമോനെ ഗുരുതരപരിക്കുകളോടെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിൽ ഇവർ മൂന്നുപേരും മാത്രമാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ ആറോടെ ആയിരുന്നു അപകടം. കാർ പൂർണമായും തകർന്നു.
കുവൈറ്റിൽ മാതാപിതാക്കൾക്കൊപ്പം ആയിരുന്ന അലീനയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു അനിമോനും എബിനും. ടിപ്പർ കൂത്താട്ടുകുളം ഭാഗത്തുനിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്നു.

പാലായിൽ എൻട്രൻസ് പരീക്ഷാ പരിശീലന കോഴ്സിൽ ചേരാനാണ് അലീന നാട്ടിലേക്ക് വന്നത്. കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. എബിൻ കോട്ടയം ചെങ്ങളം എസ്.എച്ച്. സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്. ഇരുവരുടെയും മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അലീനയുടെ സംസ്കാരം നാളെ (ശനി) രാവിലെ പാമ്പാടി എബ്രോൺ ഐ.പി.സി ചർച്ച് സെമിത്തേരിയിൽ. എബിന്റെ സംസ്കാരം നാളെ വൈകിട്ട് 3.30ന് അരുവിക്കുഴി ലൂർദ് മാതാ കത്തോലിക്കാ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ. എമിലിയാണ് സഹോദരി.

കാർ ടിപ്പറിന്റെ പിന്നിലിടിക്കുകയായിരുന്നുവെന്നായിരുന്നു ടിപ്പർ ഡ്രൈവറുടെ ആദ്യമൊഴി. എന്നാൽ അപകടമുണ്ടായ സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ വിശദപരിശോധനയിലാണ് ടിപ്പർലോറി കാറിലിടിക്കുകയായിരുന്നെന്ന് കണ്ടെത്തിയത്.

കൂത്താട്ടുകുളം പൊലീസ് കേസെ‌ടുത്തു.