സ്ഥാനാരോഹണത്തിന് തൊട്ടു മുമ്പ് അംഗരക്ഷകയെ വിവാഹം കഴിച്ച് ഞെട്ടിച്ചിരിക്കുകയാണ് തായ്ലാൻഡ് രാജാവ്. മഹാ വജ്രലോങ്കോൺ.
ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് തായ്ലാൻഡ് രാജാവ് സ്വന്തം അംഗരക്ഷകയെ വിവാഹം കഴിച്ച് രാജ്ഞിയാക്കിയത്. രാജാവിന്റെ സുരക്ഷാ സംഘത്തിന്റെ ഉപമേധാവിയായിരുന്ന സുതിദ തിദ്ജെയെയാണ് രാജാവ് വിവാഹം കഴിച്ചത്. ഇനി മുതൽ രാജ്ഞി സുദിത എന്ന് അറിയപ്പെടുമെന്ന് രാജകുടുംബം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
2016 ഒക്ടോബറിൽ പിതാവ് ഭൂമിബോൽ അതുല്യദേജിന്റെ മരണത്തെ തുടർന്നാണ് മഹാ വജ്രലോങ്കോൺ രാജപദവിയിലെത്തുന്നത്. 70 വർഷം രാജപദവിയിൽ തുടർന്ന ശേഷമായിരുന്നു ഭൂമിബോൽ രാജാവിന്റെ മരണം. വരുന്ന ശനി, ഞായർ ദിവസങ്ങളിലാണ് ബുദ്ധ-ബ്രാഹ്മണ വിധികൾ പ്രകാരം അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക.
രാജകുടുംബം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് വിവാഹക്കാര്യം ജനങ്ങൾ അറിയുന്നത്. തുടർന്ന് കൊട്ടാരത്തിൽ നടന്ന വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെ പുറത്ത് വിടുകയായിരുന്നു. രാജകീയ രീതികൾ പ്രകാരമായിരുന്നു വിവാഹ ചടങ്ങ്.തായ് എയർവേയ്സിൽ ഫൈറ്റ് അറ്റൻഡന്റായിരുന്ന സുതിദയെ 2014ലാണ് തന്റെ അംഗരക്ഷക സംഘത്തിന്റെ ഡെപ്യൂട്ടി കമാൻഡറായി നിയമിക്കുന്നത്. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും രാജകുടുംബമ വാർത്ത് നിഷേധിച്ചിരുന്നു.
തുടർന്ന് 2016 ഡിസംബറിൽ റോയൽ തായ് ആർമി മേധാവിയായി സുതിദയെ നിയമിച്ചു. ഇതോടെ ഇരുവരും തമ്മിലുളള അടുപ്പത്തെക്കുറിച്ച് അഭ്യൂഹങ്ങളും ശക്തമാവുകയായിരുന്നു. 66കാരനാണ് വജ്രലോങ്കോൺ രാജാവ്. 40 കാരിയാണ് സുദിത. മുമ്പ് മൂന്ന് തവണ രാജാവ് വിവാഹം കഴിച്ചെങ്കിലും ഇതെല്ലാം വിവാഹ മോചനത്തിൽ കലാശിക്കുകയായിരുന്നു. ഈ വിവാഹങ്ങളിൽ നിന്നായി 7 കുട്ടികളുണ്ട്.
രാജവാഴ്ച ആഴത്തിൽ വേരൂന്നിയിട്ടുള്ള ഒരു രാജ്യമാണ് തായ്ലാൻഡ്. തായ്ലൻഡിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ മഹാ വജ്രലങ്കോണിന്റെ സഹോദരി ഉബോൽരത്ന രാജകുമാരി നീക്കം നടത്തിയിരുന്നു. എന്നാൽ രാജാവ് അസംതൃപ്തി അറിയിച്ചതോടെ അവരെ പിന്തുണച്ചിരുന്ന രാഷ്ട്രീയ പാർട്ടി പിന്മാറുകയായിരുന്നു. രാജകുടുംബാഗങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് പാരമ്പര്യത്തിന് എതിരാണെന്നായിരുന്നു വാദം.