election-2019

ന്യൂഡൽഹി : 2014ൽ തന്റെ സർക്കാർ വന്ന ശേഷം രാജ്യത്ത് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെ കണക്കുകൾ നിരത്തി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചോദ്യം ചെയ്‌തു.

'മോദി ചെവി തുറന്നു വെച്ച് ശ്രദ്ധിക്കണം. പുൽവാമ, പത്താൻകോട്ട്, ഉറി, ഗഡ്ചിരോളി എന്നിവിടങ്ങളിലടക്കം 942 സ്ഥലങ്ങളിൽ 2014 ന് ശേഷം വലിയ സ്‌ഫോടനങ്ങളുണ്ടായി' - രാഹുൽ ട്വിറ്ററിൽ കുറിച്ചു.

രാഹുലിന്റെ ട്വീറ്റിൽ ഫാക്ട്‌ചെക്കർ എന്ന സത്യാന്വേഷണ വെബ്‌സൈറ്റിലെ ആക്രമണങ്ങളുടെ വിശദ വിവരങ്ങളിലേക്ക് ലിങ്കും നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഗട്ചിരോളിയിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ നടന്ന റാലിയിലാണ് മോദിയുടെ വിവാദ പ്രസംഗം.

മോഹ്റ, ദന്തേവാഡ, പലാമു, ഔറംഗബാദ്, കോറാപുത്, സുക്മ തുടങ്ങി ആക്രമണങ്ങളുണ്ടായ സ്ഥലങ്ങളുടെ പേര് സഹിതം കോൺഗ്രസ് നേതാവ് പി.ചിദംബരവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

നരേന്ദ്രമോദി അധികാരത്തിൽ വന്ന് ഏഴ് മാസം തികയുന്നതിന് മുമ്പാണ് ബംഗളുരുവിൽ ഒരാൾ കൊല്ലപ്പെട്ട സ്‌ഫോടനമുണ്ടായത്. 2014 ഡിസംബർ അഞ്ചിന് ജമ്മു കാശ്‌മീരിലെ മോഹ്റയിൽ ഭീകരാക്രമണത്തിൽ 11 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 2016 ജനുവരിയിൽ പഞ്ചാബിലെ പത്താൻകോട്ടിലെ വ്യോമസേനാ താവളത്തിലും നവംബറിൽ ജമ്മു കാശ്‌മീരിലെ നഗോത സൈനിക താവളത്തിലും ഏഴ് സൈനികർ വീതം കൊല്ലപ്പെട്ടു. സെപ്തംബറിൽ ഉറിയിലെ സൈനിക കേന്ദ്രത്തിലെ ആക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു. 2017ൽ പഞ്ചാബിലെ സുക്മയിലെ ആക്രമണത്തിൽ 25 ബി.എസ്.എഫ് ജവാന്മാരും കൊല്ലപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 അർദ്ധസൈനികരാണ് കൊല്ലപ്പെട്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

സമാജ് വാദി നേതാവ് അഖിലേഷ് യാദവും മോദിക്കെതിരെ പ്രതികരിച്ചു.