ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.4 ശതമാനം വിദ്യാർത്ഥികൾ ജയിച്ചു.
98.2% വിജയവുമായി തിരുവനന്തപുരം മേഖലയാണ് മുന്നിൽ. 500ൽ 499 മാർക്കു നേടി (99%) ഉത്തർപ്രദേശുകാരായ ഗാസിയാബാദ് മീററ്റ് റോഡ് ഡൽഹി പബ്ളിക് സ്കൂളിലെ ഹാൻസിക ശുക്ളയും മുസാഫർ നഗർ എൻ.സി പബ്ളിക് സ്കൂളിലെ കരിഷ്മ അരോറയും ഒന്നാം റാങ്ക് പങ്കിട്ടു.
498 മാർക്കു നേടിയ ഉത്തരാഖണ്ഡ് റിഷികേഷ് നിർമ്മൽ ആശ്രമം സ്കൂളിലെ ഗൗരങ്കി ചാവ്ല, ഉത്തർപ്രദേശ് റായ്ബറേലി കേന്ദ്രീയവിദ്യാലയയിലെ ഐശ്വര്യ, ഹരിയാന ജിൻഡ് ബി.ആർ.എസ്.കെ സ്കൂളിലെ ഭവ്യ എന്നിവർ രണ്ടാം റാങ്ക് പങ്കിട്ടു. മൂന്നാം റാങ്ക് (497) പങ്കിട്ടത് 18 വിദ്യാർത്ഥികളാണ്. ഇതിൽ 11 പേരും പെൺകുട്ടികളാണ്. വെബ്സൈറ്റ്: cbse.nic.in, cbseresults.nic.in.
കേന്ദ്രീയ വിദ്യാലയങ്ങളിലാണ് കൂടുതൽ വിജയം (98.5%). നവോദയ വിദ്യാലയങ്ങളിൽ 93.63%. തിരുവനന്തപുരത്തിന് പിന്നിൽ ചെന്നൈ (92.93%), ഡൽഹി (91.87%) മേഖലകൾ ഇടംപിടിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 83.3% ശതമാനവും സ്പെഷ്യൽ എയ്ഡ് വിഭാഗത്തിൽ 90.25% വിദ്യാർത്ഥികളും ജയിച്ചു. സ്പെഷ്യൽ എയ്ഡ് വിഭാഗത്തിൽ ഗുഡ്ഗാവ് ഹെറിറ്റേജ് സ്കൂളിലെ ലാവണ്യ ബാലകൃഷ്ണൻ 489 മാർക്കു നേടി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൻ സോഹ്ർ 91 ശതമാനം മാർക്കു നേടി. മന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചതാണിത്.