കോഴിക്കോട്: വിവാഹമോചനത്തിന് ശ്രമിക്കുകയായിരുന്ന യുവതിയെ ഭർത്താവ് റോഡിൽ വച്ച് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തീ കത്തിക്കുംമുമ്പ് ഓടി തൊട്ടടുത്ത വീട്ടിൽ അഭയം തേടിയതിനാൽ യുവതിക്ക് ജീവൻ രക്ഷിക്കാനായി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്റ് തളിപ്പറമ്പ് സ്വദേശി രമയ്ക്കു നേരെയാണ് ബുധനാഴ്ച വൈകിട്ട് ആറരയോടെ എൻ.ജി.ഒ ക്വാർട്ടേഴ്‌സിനടുത്തുള്ള റോഡിൽ കൊലപാതക ശ്രമം ഉണ്ടായത്. അറസ്റ്റിലായ ഭർത്താവ് ഷനോജ്‌കുമാറിനെ (45) കോഴിക്കോട് ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി (ഒന്ന്) റിമാൻഡ് ചെയ്തു.
ജോലി കഴിഞ്ഞ് രമ താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ കന്നാസിൽ പെട്രോളുമായി സ്കൂട്ടറിൽ എത്തിയ ഭർത്താവ് ഷനോജ്‌കുമാർ വഴിയരികിൽ കാത്തുനില്ക്കുകയായിരുന്നു. രമ അടുത്തെത്തിയപ്പോൾ പെട്രോൾ അവരുടെ ദേഹത്ത് ഒഴിച്ചശേഷം തീപ്പെട്ടി എടുത്ത് കത്തിക്കാൻ ശ്രമിച്ചു. പെട്ടെന്ന് രമ സമീപത്തുകണ്ട വീട്ടിലേക്ക് ഓടി. നാട്ടുകാരും അഭയം തേടിയ വീട്ടിലെ ആളുകളും ചേർന്ന് ഷനോജ്‌കുമാറിനെ പിടികൂടി ചേവായൂർ പൊലീസിൽ ഏല്പിച്ചു. ഷനോജ്‌കുമാറിൽ നിന്ന് കൊടുവാളും കത്തിയും പൊലീസ് കണ്ടെടുത്തു.
അടുത്തു, ഒന്നായി, അകന്നു
രമയും ഷനോജ്‌കുമാറും തമ്മിൽ അഞ്ച് വർഷം മുമ്പാണ് വിവാഹിതരായത്. കുറച്ച് കാലം ഇയാൾ ദിവസ വേതനത്തിൽ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്നു. ഈ സമയത്തെ പരിചയമാണ് വിവാഹത്തിൽ കലാശിച്ചത്. ഇപ്പോൾ രണ്ടുപേരും അകന്നാണ് കഴിയുന്നത്. രമ എൻ.ജി ഒ ക്വാർട്ടേഴ്‌സിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിലും ഷനോജ്‌കുമാർ മെഡിക്കൽ കോളേജിനടുത്തുമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് രമ ശ്രമിക്കുകയായിരുന്നു.