san

കൊച്ചി : വഴിക്കുളങ്ങരയിലെ ശാന്തിവനത്തിൽ ടവർ നിർമ്മിക്കാൻ പൈലിംഗ് നടത്തിയ കുഴിയിൽ നിന്ന് തള്ളിയ ചെളി സസ്യജാലങ്ങൾക്ക് നാശം ഒഴിവാക്കാൻ യന്ത്രസഹായമില്ലാതെ നീക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫീറുള്ള വിളിച്ച യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ശാന്തിവനം ഉടമ മീനാ മേനോൻ, ജൈവവൈവിദ്ധ്യ ബോർഡ് മുൻ അദ്ധ്യക്ഷൻ ഡോ. വി.എസ്. വിജയൻ, പ്രൊഫ.കുസുമം ജോസഫ്, മീനയുടെ മകളും വിദ്യാർത്ഥിനിയുമായ ഉത്തര, വൈദ്യുതി വകുപ്പ് ഉദ്യാേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ശാന്തിവനത്തെ തൊടാതെയുള്ള ലൈൻ മാത്രമേ അനുവദിക്കൂ എന്ന നിലപാടിൽ മീനയും പരിസ്ഥിതിപ്രവർത്തകരും ഉറച്ചുനിന്നു. വൈപ്പിൻ മേഖലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ടവറില്ലാതെ കഴിയില്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വാദിച്ചു. ഇരുകൂട്ടരെയും കേട്ട കളക്ടർ തത്‌കാലം പണി തുടങ്ങില്ലെന്നും ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും പറഞ്ഞു. ശാന്തിവനത്തിൽ നിന്ന് ടവർ മാറ്റുന്നതു വരെ സമരം തുടരുമെന്ന് മീനാമേനോൻ പറഞ്ഞു.