അമ്പലപ്പുഴ : യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭർത്താവ് രംഗത്തെത്തിയതോടെ സംസ്കാരം പൊലീസ് തടഞ്ഞു. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. തകഴി പഞ്ചായത്ത് പത്താം വാർഡിൽ തങ്കപ്പന്റെ മകൾ അമ്പിളിയുടെ (43) മരണത്തിലാണ് ഭർത്താവ് രാജേഷ് ദുരൂഹത ആരോപിച്ചത്.
ഇന്നലെ രാവിലെ 11 ഓടെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് അമ്പിളി മരിച്ചത്. മൃതദേഹം തകഴിയിലെ വീട്ടിൽ എത്തിച്ച് സംസ്ക്കരിക്കാൻ തയ്യാറെടുത്തപ്പോഴാണ് രാജേഷിന്റെ പരാതിയെ തുടർന്ന് പൊലീസ് എത്തി തടഞ്ഞത്.
തകഴിയിൽ അമ്പിളിയുടെ വീട്ടിലായിരുന്നു രാജേഷ് മുമ്പ് താമസിച്ചിരുന്നത്. എന്നാൽ 4 വർഷം മുൻപ് സാമ്പത്തിക ഇടപാടിനെച്ചൊല്ലി അമ്പിളിയുടെ പിതാവ് രാജേഷിനെ ഇവിടെ നിന്ന് ഇറക്കിവിട്ടു. തുടർന്ന് രാജേഷ് കാക്കാഴത്തെ തന്റെ വീട്ടിൽ താമസമാക്കി. അമ്പിളി തകഴിയിലെ വീട്ടിൽ തന്നെയായിരുന്നു താമസം.
കഴിഞ്ഞ ദിവസമാണ് അസുഖത്തെ തുടർന്ന് അമ്പിളിയെ ചേർത്തല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്പിളി മരിച്ച വിവരം രാജേഷിനെ അറിയിച്ചിരുന്നില്ല. മൃതദേഹം തകഴിയിൽ എത്തിയ ശേഷം അയൽവാസികൾ പറഞ്ഞാണ് വിവരം അറിഞ്ഞത്. തുടർന്നാണ് രാജേഷ് അമ്പലപ്പുഴ സ്റ്റേഷനിലെത്തി പരാതി നൽകിയത്. പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അച്ഛനും രണ്ടാനമ്മയും അമ്പിളിയെ മർദ്ദിച്ചിരുന്നതായും രാജേഷ് പരാതിയിൽ ആരോപിച്ചു. രേവതി, ലക്ഷ്മി എന്നിവരാണ് അമ്പിളിയുടെ മക്കൾ.