കൊച്ചി : മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ചത് ഫാ. പോൾ തേലക്കാടിന്റെ നേതൃത്വത്തിൽ 15 വൈദികരാണെന്ന ഫാ. ആന്റണി പുതുവേലിയുടെ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി യോഗം അഭിപ്രായപ്പെട്ടു.
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് വൈദികരിൽ ഭിന്നിപ്പും വിശ്വാസികളിൽ ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതിൽ സമിതി യോഗം പ്രതിഷേധിച്ചു. അതിരൂപതയിലെ യുവ വൈദികരാണ് വ്യാജരേഖയ്ക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന വാദം തെറ്റാണ്. വൈദികസമിതിയിൽ അംഗമല്ലാത്ത ഫാ. പുതുവേലി സമിതിയിൽ ചർച്ച ചെയ്യാത്ത കാര്യങ്ങളാണ് പറയുന്നത്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സമിതി ആവശ്യപ്പെട്ടിരുന്നു. പ്രസ്താവനയ്ക്കെതിരെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഫാ. പുതുവേലിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ഫാ. തേലക്കാടിന് ലഭിച്ച രേഖകൾ നിജസ്ഥിതി അന്വേഷിക്കാൻ രഹസ്യമായും സ്വകാര്യവുമായാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറിയത്. മനത്തോടത്ത് കർദ്ദിനാളിനെ ഏല്പിച്ചു. സിനഡിൽ വിഷയം അവതരിപ്പിച്ചത് കർദ്ദിനാളാണ്. ആരെയും തേജോവധം ചെയ്യാൻ വൈദികസമിതി അംഗങ്ങൾ ശ്രമിച്ചിട്ടില്ലെന്നും സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
യോഗത്തിൽ ബിഷപ്പ് ജേക്കബ് മനത്തോടത്ത് അദ്ധ്യക്ഷത വഹിച്ചു. മെത്രാന്മാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവരും പങ്കെടുത്തു.