ബാങ്കോക്ക്: തായ്‌ലൻഡിന്റെ പുതിയ രാജാവ് മഹാ വജിറലോങ്കോണിന്റെ പട്ടാഭിഷേകത്തിനായി രാജ്യം തയ്യാറെടുത്തിരിക്കുമ്പോൾ അപ്രതീക്ഷിതമായ പ്രവൃത്തിയിലൂടെ രാജാവ് ഏവരെയും ഞെട്ടിച്ചു. കിരീടധാരണത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ തന്റെ വ്യക്തി സുരക്ഷയ്ക്കായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളെ ജീവിത സഖിയാക്കിയാണ് രാജാവ് ലോകത്തെ അമ്പരപ്പിച്ചത്. സുദിത രാജ്ഞി എന്ന പേരിലാകും പുതിയ രാജ്ഞി അറിയപ്പെടുക. രാജാവിന്റെ പ്രത്യേക സുരക്ഷാസേനയുടെ ഉപമേധാവിയായിരുന്നു 40കാരിയായ സുദിത ടിദ്‌ജെ. ബുധനാഴ്ചയാണ് രാജകീയവിവാഹത്തിന്റെ ആകസ്മിക അറിയിപ്പുണ്ടായത്.
66 കാരനായ വജിറലോങ്കോൺ രാമ പത്താമൻ രാജാവ് എന്നാണ് അറിയപ്പെടുന്നത്. 2016 ഒക്ടോബറിൽ പിതാവും രാജാവുമായിരുന്ന ഭൂമബോൽ അദുല്യദേജിന്റെ മരണത്തെ തുടർന്ന് വജ്രലോങ്കോൺ ഭരണഘടനാപരമായി ഭരണാധികാരിയായി. ശനിയാഴ്ച ഔദ്യോഗികമായി സ്ഥാനാരോഹണം നടക്കാനിരിക്കെയാണ് ഇദ്ദേഹം വിവാഹിതനായത്.
തായ് എയർവേയ്സിലെ ഫ്‌ളൈറ്റ് അറ്റൻഡൻഡ് ആയിരുന്ന സുദിത 2014 ലാണ് സുരക്ഷാസേനയിൽ അംഗമായത്. 2017 ൽ സുദിതയെ പ്രത്യേക സുരക്ഷാസേനയുടെ ഉപമേധാവിയായി നിയമിച്ചു.
ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രാജകൊട്ടാരം ഇത് അംഗീകരിച്ചിരുന്നില്ല. വജിറലോങ്കോൺ മൂന്നു തവണ വിവാഹിതനാവുകയും വിവാഹമോചിതനാവുകയും ചെയ്തിട്ടുണ്ട്. മുൻവിവാഹങ്ങളിൽ ഏഴ് മക്കളുണ്ട്.