ന്യൂഡൽഹി: മുൻജീവനക്കാരിയുടെ ലൈംഗിക പരാതിയിൽ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി മുൻപാകെ ഹാജരായി. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ചീഫ് ജസ്റ്റിസ് ലൈംഗികാരോപണത്തിൽ ഒരു കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുന്നത്.
സമിതി മുൻപാകെ ഹാജരാകണമെന്ന് അഭ്യർത്ഥിച്ച് അദ്ധ്യക്ഷൻ ജസ്റ്റിസ് എസ്.എ ബോബ്ഡെ ചീഫ്ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ഏത് ദിവസമാണ് ചീഫ്ജസ്റ്റിസ് ഹാജരായതെന്ന് വ്യക്തമല്ല.
ആഭ്യന്തര സമിതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമിതി നടപടികളിൽ ഇനി ഹാജരാകില്ലെന്ന് പരാതിക്കാരി ചൊവ്വാഴ്ച അറിയിച്ചിരുന്നു. പരാതിക്കാരി ഹാജരായില്ലെങ്കിലും നടപടികളുമായി മുന്നോട്ടുപോകാനാണ് സമിതിയുടെ തീരുമാനം. ജസ്റ്റിസ്‌മാരായ ഇന്ദിരാബാനർജി, ഇന്ദുമൽഹോത്ര എന്നിവരും ഉൾപ്പെട്ട സമിതി എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി
റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് സൂചനകൾ.
പരാതിക്കാരിക്ക് പിന്തുണയുമായി തുറന്ന കത്ത്
ആഭ്യന്തര സമിതിയിൽ നിന്ന് വിട്ടുനിൽക്കുന്ന പരാതിക്കാരിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അഭിഭാഷകരും ആക്ടിവിസ്റ്റുകളും എൻ.ജി. ഒകളും ഉൾപ്പെടെ മൂന്നുറിലധികം പേരുടെ തുറന്ന കത്ത്. പരാതിക്കാരിയുടെ അഭാവത്തിൽ സമിതി നടപടികളുമായി മുന്നോട്ടുപോകുന്നത് നീതിയല്ല. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമം, വിശാഖ വിധിയിലെ മാർഗനിർദേശങ്ങൾ എന്നിവയുടെ അന്തസത്ത ഉൾക്കൊണ്ടല്ല സമിതിയുടെ പ്രവർത്തനം. കമ്മിറ്റിയിൽ പുറത്തുനിന്നുള്ള അംഗമില്ലാത്തതും കത്തിൽ ചൂണ്ടിക്കാട്ടി. എത്രയും വേഗം സമിതിയുടെ പ്രവർത്തനം നിറുത്തി, പുതിയ അന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.