isro

ന്യൂ‌ഡൽഹി: ലോകത്ത് തന്നെ ഏറ്റവും ചെലവ് കുറ‌ഞ്ഞ ബഹിരാകാശ ദൗത്യങ്ങൾ ഏറ്രെടുത്ത് വിജയിപ്പിച്ച് ഇന്ത്യയുടെ അഭിമാനമായ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ. 1969 ൽ സ്ഥാപിച്ചതിന് ശേഷം മറ്റ് വികസിത രാഷ്ട്രങ്ങളെ വെല്ലുന്ന തരത്തിലുള്ള ദൗത്യങ്ങളാണ് ഐ.എസ്.ആർ.ഒ വിജയിപ്പിച്ചിട്ടുള്ളത്. ചന്ദ്രയാന്റെ ആദ്യ വിജയത്തിന് ശേഷമാണ് ലോകരാഷ്ട്രങ്ങൾ ബഹിരാകാശ മേഖലയിൽ ഇന്ത്യയെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻമാരുടെ പ്രവർത്തനങ്ങൾ വളരെ സൂഷ്‌മതയോടെയാണ് നാസ വിലയിരുന്നുന്നത്. ഏറ്റവും ഒടുവിലായി നാസ കാത്തിരിക്കുന്നത് ചന്ദ്രയാൻ 2 വിന്റെ വിക്ഷേപണമാണ്. രണ്ടാമത്തെ ചാന്ദ്ര ദൗത്യം ജൂലായ് 9 നും 16നും ഇടയിൽ നടക്കുമെന്നാണ് ഐ.എസ്.ആർ.ഒ അറിയിച്ചിരിക്കുന്നത്. സെപ്തംബർ ആറിന് ചന്ദ്രയാൻ 2 ചന്ദ്രനിൽ ഇറങ്ങുമെന്നാണ് വിലയിരുത്തുന്നത്.

മറ്റ് രാഷ്ട്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണ് ഐ.എസ്.ആർ.ഒ ദൗത്യങ്ങൾ. 800 കോടി രൂപ ചെലവിലാണ് ചാന്ദ്രയാന്‍ 2 ഒരുങ്ങുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനുമാണ് ചെലവാകുന്നത്. ഒരു ഹോളിവുഡ് ചിത്രത്തിത്തേക്കാൾ ചെലവ് കുറവാണെന്ന് പ്രത്യകതയും നമ്മുടെ ദൗത്യങ്ങൾക്കുണ്ട്.

ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാർക് ത്രീയാണ് ചന്ദ്രയാൻ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐ.എസ്.ആർ.ഒയുടെ ഫാറ്റ്ബോയ് എന്നറിയപ്പെടുന്നു. ചന്ദ്രനിൽ വെള്ളം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രൻ ഒരുകാലത്തു പൂർണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടർച്ചയാണു ചന്ദ്രയാൻ 2ൽ രാജ്യം ലക്ഷ്യമിടുന്നത്.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ ,ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ എന്നിവയ്ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവർ കൂടി ഉൾപ്പെടുന്നതാണു ചന്ദ്രയാൻ 2.ഐ.എസ്.ആർ.ഒ ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെ ആകെ ഭാരം 3290 കിലോ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർ‌ബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ‘വിക്രം’ ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. സോഫ്റ്റ് ലാൻഡിങ് എന്ന് അറിയപ്പെടുന്ന പ്രക്രിയ.ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.