കൊച്ചി : കഞ്ചാവുമായി പുതുമുഖ നടനും കാമറാമാനും അറസ്റ്റിലായി. ഇരുവരും പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. കൊച്ചിയിൽ ചിത്രീകരണം നടക്കുന്ന സിനിമയിലെ പുതുമുഖ നായകൻ കോഴിക്കോട് സ്വദേശി മിഥുൻ (25), കാമറമാൻ ബംഗളൂരു സ്വദേശി വിശാൽവർമ്മ എന്നിവരെയാണ് ഫോർട്ടുകൊച്ചിയിലെ ഹോം സ്റ്റേയിൽ നിന്ന് അറസ്റ്റുചെയ്തത്.
രണ്ടു മാസമായി ഇരുവരും ഹോം സ്റ്റേയിൽ താമസിക്കുകയാണ്. സിനിമാ ഷൂട്ടിംഗ് സൈറ്റുകളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇരുവരും കുടുങ്ങിയത്.
കൊച്ചി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എസ്. ശശികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ടോണി കൃഷ്ണ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയറാം, സെയ്ദ്, റിയാസ്, സജിത എന്നിവർ പങ്കെടുത്തു.