afridi-

ഇസ്ലാമാബാദ് : പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ പ്രതിക്കൂട്ടിലാക്കി പാക്‌താരം ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തൽ. തന്റെ അന്താരാഷ്ട്ര അരങ്ങേ​റ്റത്തിൽ 37 പന്തുകളിൽ സെഞ്ചുറി നേടുമ്പോൾ തനിക്ക് 16 വയസ്സ് ആയിരുന്നില്ലെന്നാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അഫ്രീദി തുറന്നുപറഞ്ഞത്.. ആത്മകഥയായ 'ഗെയിം ചെയ്ഞ്ചറി'ലാണ് അഫ്രീദി ഇക്കാര്യം വെളിപ്പെടുത്തിയത്.

അഫ്രീദി ജനിച്ചത് 1975ലാണ്. എന്നാൽ ഔദ്യോഗിക രേഖകളിൽ ജനിച്ചത് 1980 മാർച്ച് ഒന്നിനാണ്. പാകിസ്താൻ ക്രിക്ക​റ്റ് ബോർഡിന്റെ രേഖകളിൽ അഫ്രീദി ജനിച്ചത് 1980ൽ ആണെന്നാണ്. ഇത് മ​റ്റുള്ളവരും പിന്തുടരുകയായിരുന്നു.

എനിക്ക് അന്ന് 19 വയസ്സായിരുന്നു. പാക് ക്രിക്ക​റ്റ് ബോർഡ് പറയുന്നതുപോലെ 16 വയസ്സ് ആയിരുന്നില്ല. ഞാൻ ജനിച്ചത് 1975ലാണ്. പക്ഷേ ഔദ്യോഗിക രേഖകളിൽ എന്റെ ജനന വർഷം തെ​റ്റായി രേഖപ്പെടുത്തുകയായിരുന്നു' അഫ്രീദി ആത്മകഥയിൽ പറയുന്നു.

എന്നാൽ അഫ്രീദി പറയുന്ന ഈ കണക്കിലും തെ​റ്റുകളുണ്ട്. 1996ൽ നെയ്‌റോബിയിൽ ശ്രീലങ്കയ്‌ക്കെതിരേ ആയിരുന്നു അഫ്രീദിയുടെ റെക്കോഡ് സെഞ്ചുറി. 1975ലാണ് ജനിച്ചതെങ്കിൽ 1996ൽ അഫ്രീദിക്ക് ഇരുപതോ ഇരുപത്തിയൊന്നോ വയസ്സുണ്ടാകും. അഫ്രീദി പറയുന്നതുപോലെ 19 വയസ്സ് ആയിരിക്കില്ല. അന്ന് 40 പന്തിൽ ആറു ഫോറും 11 സിക്സും സഹിതം 102 റൺസാണ് പാക് താരം അടിച്ചെടുത്തത്. ഈ വേഗമേറിയ സെഞ്ചുറി 18 വർഷത്തോളം തകർക്കപ്പൈടാത്ത റെക്കോഡായി നിലനിന്നിരുന്നു.

2010ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ അഫ്രീദിക്ക് 34-35 വയസാണെന്നാണ് റെക്കാഡുകളിൽ ഉള്ളത്. അഫ്രീദി പറഞ്ഞതനുസരിച്ചാണെങ്കിൽ 40-41 വയസിലാകണം താരത്തിന്റെ വിരമിക്കൽ.