mumbai-

മുംബയ് ഇന്ത്യൻസ് പ്ലേഓഫിൽ

സൺറൈസേഴ്സ് നിരയിൽ ബേസിൽ തമ്പിയും

മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ സൂപ്പർ ഓവറോളം നീണ്ട മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി മുംബയ് ഇന്ത്യൻസ് പ്ലേഓഫിൽ കടന്നു. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. തുടർന്ന് മറുപടിക്കിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനെ അവസാന പന്തിൽ സിക്സടിച്ച് മനീഷ് പാണ്ടേ മുംബയുടെ സ്കോറിനൊപ്പം (162/6) എത്തിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു.സൂപ്പർ ഓവറിൽ ആദ്യം ബാറ്രിംഗിനിറങ്ങിയ ഹൈദരാബാദിന് 8 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ജസ്പ്രീത് ബുംരയായിരുന്നു മുംബയുടെ ബൗളർ. ആദ്യ പന്തിൽ മനീഷ് പാണ്ഡേ റണ്ണൗട്ടായി. മൂന്നാം പന്തിൽ മുഹമ്മദ് നബി സിക്സ് അടിച്ചെങ്കിലും നാലാം പന്തിൽ ബുംര നബിയെ ക്ലീൻബൗൾഡാക്കി ഹൈദരാബാദിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഹാർദ്ദിക് പാണ്ഡ്യയും പൊള്ളാഡുമാണ് മുംബയ്ക്കായി സൂപ്പർ ഓവറിൽ ഓപ്പൺ ചെയ്തത്. റഷീദ് ഖാനായിരുന്നു ബൗളർ. ആദ്യ പന്തിൽ തന്നെ സിക്സടിച്ച പാണ്ഡ്യ മത്സരം മുംബയ്ക്ക് അനുകൂലമാക്കി. അടുത്ത പന്തിൽ പാണ്ഡ്യ സിംഗിളും മൂന്നാം പന്തിൽ പൊള്ളാഡ് രണ്ട് റൺസും നേടിയതോടെ മുംബയ് പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു.

നേരത്തേ ടോസ് നേടി ആദ്യം ബാറ്ര് ചെയ്ത മുംബയ്ക്ക് ഓപ്പണർ ക്വിന്റൺ ഡി കോക്ക് (പുറത്താകാതെ 58 പന്തിൽ 69) നേടിയ അർദ്ധ സെ‌‌ഞ്ച്വറിയാണ് ബലമായത്. 6 ഫോറും 2 സിക്സും ഡി കോക്കിന്റെ ബാറ്റിൽ നിന്ന് അതിർത്തിയിലേക്ക് പറന്നു. ക്യാപ്ടൻ രോഹിത് ശർമ്മ 18 പന്തിൽ 24 ഉം ഹാർദ്ദിക് പാണ്ഡ്യ 10 പന്തിൽ 18 ഉം സൂര്യ കുമാർ യാദവ് 17 പന്തിൽ 23 റൺസും അടിച്ചു. സൺറൈസേഴ്സിനായി ഖലീൽ അഹമ്മദ് 3 വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി സൺറൈസേഴ്സ് നിരയിൽ മലയാളി പേസർ ബേസിൽ തമ്പി അരങ്ങേറ്റം കുറിച്ചു. 4 ഓവർ എറിഞ്ഞ ബേസിൽ 40 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

തുടർന്ന് ബാറ്രിംഗിനിറങ്ങിയ ഹൈദരാബാദിനായി മനീഷ് പാണ്ഡേ (പുറത്താകാതെ 47 പന്തിൽ 71), മുഹമ്മദ് നബി (20 പന്തിൽ 31) എന്നിവർ നല്ല പ്രകടനം കാഴ്ചവച്ചു. ക്രുനാൽ, ഹാർദ്ദിക്, ബുംര എന്നിവർ മുംബയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.