-v-viswanatha-menon

കൊച്ചി: സി.പി.എം നേതാവും മുൻ മന്ത്രിയുമായ വി.വിശ്വനാഥ മേനോൻ(92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ലെ ഇ.കെ നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു. രണ്ട് തവണ പാർലമെന്റ് അംഗമായിരുന്നു. അഞ്ച് സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോർഡ് ഏറെക്കാലം വിശ്വനാഥ മേനോന്റെ പേരിലായിരുന്നു. രണ്ടു മണിക്കൂർ 35 മിനിറ്റ് എന്ന ഈ റെക്കോർഡ് പിന്നീട് കെ.എം. മാണി രണ്ടു മണിക്കൂറും 36 മിനിറ്റും 25 സെക്കൻഡും നീണ്ട പ്രസംഗത്തിലൂടെ തിരുത്തി.12 വർഷം എഫ്.എ.സി.ടി യൂണിയൻ പ്രസിഡന്റായിരുന്ന ഇദ്ദേഹം 14 വർഷം ഇൻഡൽ യൂണിയന്റെയും പ്രസിഡന്റായിരുന്നു. കൊച്ചി പോർട്ട് യൂണിയന്റെയും പ്രസിഡന്റായി വിശ്വനാഥ മേനോൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.

നഗരസഭാ കൗൺസിലർ, എം.പി, എംഎൽഎ, മന്ത്രി തുടങ്ങി പാർലമെന്ററി ജനാധിപത്യത്തിൽ ഒട്ടേറെ പദവികൾ അലങ്കരിച്ച അദ്ദേഹം പിന്നീട് പാർട്ടിയുമായി അകന്നു. കോൺഗ്രസിന്റെ ബി ടീമായി സി.പി.എം പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് മേനോൻ പാർട്ടി വിട്ടത്. സോണിയാ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന ജ്യോതി ബസുവിന്റെ പ്രഖ്യാപനം പാർട്ടി വിടാൻ പെട്ടെന്നുള്ള കാരണമായി.1967ൽ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചത് എതിർ സ്‌ഥാനാർത്ഥിയായ എം.എം. തോമസിനേക്കാൾ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മുസ്‌ലിം ലീഗ് പിന്തുണയുമായി ഇടതുപക്ഷത്തുണ്ടായിരുന്നതാണ് ജയത്തിൽ പ്രധാന ഘടകമായതെന്ന് മേനോൻ പിന്നീടു പറഞ്ഞിരുന്നു. എറണാകുളത്തുനിന്നു പാർട്ടി ചിഹ്നത്തിൽ ലോക്‌സഭയിലേക്കു മൽസരിച്ചു ജയിച്ച ഏക കമ്യൂണിസ്‌റ്റാണ് വിശ്വനാഥ മേനോൻ.