foni

ഒഡിഷ: ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു. ഒ‌ഡിഷ പുരി തീരത്താണ് ഫോനി തീരം തൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 200കി.മീ വേഗത്തിലാണ് കാറ്റ് വീശുന്നത്. മണിക്കൂറിൽ 170മുതൽ 200 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷയിലെ 14 ജില്ലകളിൽ നിന്ന് 12ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. സംസ്ഥാനത്ത് 13ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 900 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു കഴിഞ്ഞു.

ഒഡിഷയ്ക്ക് പുറമെ ബംഗാൾ, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഒഡിഷയിൽ ഇതുവരെ പതിനൊന്നര ലക്ഷം ആളുകളെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. കൊടുങ്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകാൻ സർക്കാർ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത് നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫോനി നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 90മുതൽ 100 കിലോമീറ്റർ വേഗതയിലായിരിക്കും ബംഗാളിൽ കൊടുങ്കാറ്റ് വീശുകയെന്നും അധികൃതർ വ്യക്തമാക്കി.

മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ വിമാന, റെയിൽ സർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി മുതൽ 24 മണിക്കൂർ വരെ ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടു. 150 ഓളം റെയിൽ സർവ്വീസുകളും താൽകാലികമായി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുരിയിൽ നിന്നും അടിയന്തിരമായി പിൻവാങ്ങണമെന്ന് ടൂറിസ്റ്റ‌ു‌കൾക്കും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28സംഘങ്ങൾ ഒഡിഷയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമായിക്കഴിഞ്ഞു. മുൻകരുതലിന്റെ ഭാഗമായി ദുരന്തനിവാരണ സേനയുടെ 12സംഘങ്ങളെ ആന്ധ്രപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും സജ്ജമാക്കി കഴിഞ്ഞു.