ഐക്യരാഷ്ട്ര സുരക്ഷാസമിതിയുടെ, ഇസ്ളാമിക് സ്‌റ്റേറ്റിനും അൽ ക്വയിദയ്ക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുന്ന കമ്മിറ്റി പാക് ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യ നടത്തുന്ന നയതന്ത്രശ്രമങ്ങളുടെ വിജയമായി ഇതിനെ കാണാവുന്നതാണ്. ഉപരോധത്തിന്റെ ഫലമായി യാത്രാ നിയന്ത്രണങ്ങൾ, ആയുധ ഇടപാടുകൾക്ക് തടസം, ആസ്തി മരവിപ്പിക്കൽ തുടങ്ങിയ നടപടികൾക്ക് മസൂദ് വിധേയനാകും. ഇനി മുതൽ യഥേഷ്ടം കാര്യങ്ങൾ നടത്താൻ മസൂദിന് വലിയ പ്രയാസങ്ങൾ നേരിടും. അൽ ക്വയ്ദയുമായുള്ള ബന്ധം, അഫ്ഗാനിസ്ഥാനിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്തത്, തീവ്രവാദികൾക്കായി നടത്തിയ ആയുധ ഇടപാടുകൾ എന്നിവയുടെ പേരിലാണ് ഉപരോധം. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് ഇതിനായി മുൻകൈയെടുത്തത്. ഐക്യരാഷ്ട്രസഭ സുരക്ഷാ ചെയർമാൻ എന്ന നിലയിൽ ഇന്തോനേഷ്യയും വലിയ പിന്തുണ നൽകി.
ഇന്ത്യയെ ലക്ഷ്യംവച്ച ഭീകരൻ
പാകിസ്ഥാനിലെ ബഹാവൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. 2001 ലാണ് സംഘടന നിലവിൽ വന്നത്. പത്താൻകോട് സൈനിക കേന്ദ്രം, പുൽവാമ, ഇന്ത്യൻ പാർലമെന്റ് , ജമ്മു ആൻഡ് കാശ്മീർ നിയമസഭാ മന്ദിരം എന്നിവ ആക്രമിച്ചത് ഈ സംഘടനയാണ്.
1994 ൽ കാശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകവേ ഇന്ത്യയുടെ പിടിയിലായി. പലവട്ടം ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയിട്ടുണ്ട്. 20 വർഷം മുൻപ് കാണ്ടഹാർ വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട് , ബന്ധികളെ മോചിപ്പിക്കാനായി ഇന്ത്യയ്ക്ക് ഇയാളെ വിട്ടയയ്‌ക്കേണ്ടി വന്നു. ഹർക്കത്തുൾ മുജാഹിദ് എന്ന ഭീകരസംഘടനയുടെ നേതാവായിട്ടാണ് തുടക്കം. അൽ ക്വയ്ദ, ഐസിസ്, താലിബാൻ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തുന്നു. ജമ്മു ആൻഡ് കാശ്മീർ പാകിസ്ഥാന്റെ ഭാഗമാക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം. ലക്ഷ്യം ഇതായതുകൊണ്ടാണ് പാകിസ്ഥാനിൽ ഈ ഭീകരൻ സ്വൈരവിഹാരം നടത്തുന്നത്. ഇനിയും അത് തുടരാനാണ് സാദ്ധ്യത.
പാക് നിലപാട്
ഇന്ത്യയുടെ നയതന്ത്രവിജയമായി മസൂദിന് എതിരെയുള്ള ഉപരോധത്തെ പാകിസ്ഥാൻ കാണുന്നില്ല. കാശ്മീരിലെ ഭീകരവാദവുമായി യു.എൻ ഉപരോധം ബന്ധിപ്പിക്കുന്നില്ല എന്നതാണ് പാക് ന്യായം. പുൽവാമയിലുണ്ടായ അക്രമത്തിന്റെ ഉത്തരവാദിത്വം മസൂദിന്റെ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഉപരോധം അതിനെക്കുറിച്ച് പരാമർശിക്കുന്നില്ല. ഉപരോധത്തിന് ചൈനയുടെ പിന്തുണ നേടാൻ ചെയ്ത വിട്ടുവീഴ്ചയായാണ് ലോകം ഇതിനെ കാണുന്നത്. കാശ്മീർ പരാമർശിക്കാത്തതു കൊണ്ട് തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പാക് നിലപാട്.
ചൈനയുടെ മനം മാറിയോ?
ചൈന നിരന്തരമായി ഉന്നയിച്ച തടസവാദങ്ങൾ പിൻവലിച്ചതാണ് ഉപരോധം സാദ്ധ്യമാക്കിയത്. ഒരു പരിധി വരെ ഇതൊരു മനംമാറ്രമാണ്. ഒന്നാമതായി ചൈനയും ഇസ്ലാമിക് തീവ്രവാദത്തിന്റെ ഭീഷണി നേരിടുന്നുണ്ട്. പാകിസ്ഥാൻ നേരിട്ട് ചൈന ലക്ഷ്യമാക്കിയിട്ടുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് മാത്രമാണ് വ്യത്യാസം. അതായത് ഒരു ഘട്ടം കഴിഞ്ഞാൽ ഈ ഭീകരവാദികൾ പാകിസ്ഥാന്റെ പിന്തുണയില്ലാതെ തന്നെ ചൈനയിൽ ആക്രമണങ്ങൾ നടത്തും എന്നത് സുനിശ്ചിതമാണ്. തെക്കേ ഏഷ്യയിൽ ഭീകരവാദം ശക്തിപ്പെട്ടാൽ ചൈനയ്ക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ശ്രീലങ്കയിൽ നടന്ന കിരാതമായ അക്രമം സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
രണ്ടാമതായി ചൈനയുടെ നയംമാറ്റം ആഗോള രാഷ്ട്രീയ ശാക്തിക ബലാബലത്തിന്റെ ഫലം കൂടിയാണ്. ഇന്ത്യ കൂടുതലായി അമേരിക്കൻ ചേരിയിൽ ചേരാതിരിക്കേണ്ടത് ചൈനയുടെ ആവശ്യമാണ്. എന്നാൽ നിലവിൽ ചൈനയുടെ വളർച്ചയ്ക്ക് തടയിടാൻ അമേരിക്ക രൂപംകൊടുത്തിട്ടുള്ള ഏഷ്യാ പസഫിക് തന്ത്രത്തിന്റെ സുപ്രധാന കണ്ണിയാണ് ഇന്ത്യ. ഇക്കാര്യത്തിൽ ജപ്പാൻ,ആസ്‌ട്രേലിയ, തെക്കു കിഴക്കനേഷ്യയിലെ മറ്റ് അമേരിക്കൻ സുഹൃത്തുക്കൾ എന്നിവരുമായി ചേർന്ന് സംയുക്ത സൈനികാഭ്യാസം ഉൾപ്പെടെയുള്ള പരിപാടികളിൽ ഇന്ത്യ സഹകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചൈനയുടെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡിനോടു പോലും നിസംഗതയാണ് ഇന്ത്യയ്ക്കുള്ളത്. അതായത് ഇന്ത്യ അമേരിക്കയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിച്ചാൽ ചൈനയുടെ നമ്പർ വൺ ശക്തി മോഹങ്ങളും 21ാം നൂറ്റാണ്ട് ഏഷ്യയുടേത് എന്ന ആഗ്രഹവും സഫലമാകില്ല. ഇത് രണ്ടും അമേരിക്കയും പാശ്ചാത്യശക്തികളും ആഗ്രഹിക്കുന്നില്ല. ചൈനയുടെ വളർച്ചയ്ക്ക്, പ്രത്യേകിച്ചും സാമ്പത്തിക വളർച്ചയ്ക്ക് ഇന്ത്യൻ വിപണി അനിവാര്യമാണ്. കേവലമൊരു തീവ്രവാദിയുടെ പേരിൽ ഇന്ത്യയെ പിണക്കുന്നത് ഗുണകരമല്ലെന്ന് ചൈനയ്ക്കറിയാം.
ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് ചൈനയും റഷ്യയും ചേർന്ന് അമേരിക്കയ്‌ക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ. കഴിഞ്ഞ മാസമാണ് റഷ്യയിലെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂസ് എന്ന പുരസ്‌കാരം ഇന്ത്യൻ പ്രധാനമന്ത്രിക്ക് റഷ്യ സമ്മാനിച്ചത്. ഇന്ത്യ യുറേഷ്യൻ രാജ്യങ്ങൾക്കൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്. ചൈന നേതൃത്വം നൽകുന്ന ഷാംഗ് ഹായ് കോർപറേഷൻ ഓർഗനൈസേഷനിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകിയതും ഈ ലക്ഷ്യം മുൻനിറുത്തിയാണ്.
മസൂദിനെതിരെയുള്ള ഉപരോധത്തെ പിന്തുണയ്ക്കുക വഴി ചൈന പൂർണമായും പാക് പക്ഷത്ത് ചേർത്ത് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന സന്ദേശം വ്യക്തമാണ്. ഇരുരാജ്യങ്ങളുമായും ഒരുപോലെയുള്ള ബന്ധമാണ് ചൈന ആഗ്രഹിക്കുന്നത്. ചൈനയുടെ വൻപദ്ധതികളുടെ വിജയത്തിനും ഏഷ്യയിലെ സമാധാനത്തിനും ഇത് വളരെ അനിവാര്യമാണ്. ചുരുക്കത്തിൽ തെക്കേ ഏഷ്യയിൽ എല്ലാ രാജ്യങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു നയമായി ഇതിനെ കാണാവുന്നതാണ്.
നയതന്ത്രവിജയം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മസൂദിനെതിരെയുള്ള ഉപരോധം വലിയ വിജയമാണ്. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിലെ ഒരു നാഴികക്കല്ലാണിത്. ആഗോള സമൂഹത്തെ ആകമാനം ഇന്ത്യയ്‌ക്കൊപ്പം നിറുത്താൻ കഴിഞ്ഞത് ചെറിയ കാര്യമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടമാണിത്. അതേസമയം പ്രധാനമായും ഇതൊരു പ്രതീകാത്മക വിജയമാണ്. കാരണം ഈ ഭീകരനെ കരിമ്പട്ടികയിൽ പെടുത്തിയതുകൊണ്ട് ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരാക്രമണം അവസാനിച്ചു എന്ന് കരുതുക വയ്യ. കാശ്മീരിലെ അക്രമങ്ങളെ ഭീകരവാദവുമായി ബന്ധപ്പെടുത്തി പരാമർശിക്കാത്തതും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ പഴയകാലത്തെന്ന പോലെ അത്ര എളുപ്പത്തിൽ അക്രമങ്ങൾ നടക്കണമെന്നില്ല. ഇനിയുള്ള ഓരോ നടപടിയും അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത വിമർശനത്തിന് വിധേയമാകും. ഇന്ത്യയെ സംബന്ധിച്ച് വിജയമുഹൂർത്തമാണിത്.
(ലേഖകൻ കേരള സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനാണ്)