തിരുവനന്തപുരത്തെ വ്യവസായിയുടെ വാഹനത്തിൽ കണ്ട എം.എൽ.എ ബോർഡ് ദുരൂഹത ഉണർത്തുന്നതായി കോൺഗ്രസ് നേതാവ്. എം.എൽ.എ ബോർഡ് വച്ച കോടികൾ വിലമതിക്കുന്ന പോർഷെ കാറിന്റെ ഫോട്ടോ കോൺഗ്രസ് നേതാവായ ജ്യോതികുമാർ ചാമക്കാലയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. വാഹനത്തിന്റെ നമ്പർ മായ്ച്ചതിന് ശേഷമുള്ള ചിത്രമാണ് അദ്ദേഹം പങ്ക് വച്ചിരിക്കുന്നത്. ഈ കാറിൽ സഞ്ചരിക്കുന്നത് ഏത് നിയമസഭാംഗമാണെന്ന് അറിയുവാൻ താത്പര്യമുണ്ടെന്നും, സ്വന്തമായി വാഹനം വാങ്ങുവാൻ പത്ത് ലക്ഷം രൂപ പലിശ രഹിത വായ്പയായി സർക്കാർ അനുവദിക്കുമ്പോഴും അന്യവാഹനത്തിൽ എം.എൽ.എ ബോർഡ് വയ്ക്കുന്ന എം.എൽ.എ ആരാണെന്നറിയുവാനുള്ള കൗതുകം തനിക്കുണ്ടെന്നും ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇത് തിരുവനന്തപുരം നഗരത്തിലെ ഒരു വ്യവസായിയുടെ വാഹനമാണ്.
വില ഏകദേശം 1.30 കോടി രൂപ വരും. മാത്രമല്ല ഇതിന്റെ നമ്പർ ലേലത്തിൽ സ്വന്തമാക്കാൻ ടിയാൻ 31 ലക്ഷം രൂപ ചെലവാക്കിയത് പത്ര ദൃശ്യമാധ്യമങ്ങളിൽ നമ്മൾ കണ്ടിരുന്നു.
അതൊക്കെ തീർച്ചയായും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം.
പക്ഷെ അദ്ദേഹത്തിന്റെ കാറിൽ MLA എന്ന ബോർഡ് കാണുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. മാത്രമല്ല സ്വാഭാവികമായും ചില സംശയങ്ങളും ഉണർത്തുന്നു.
ഏത് നിയമസഭാ സാമാജികനാണ് ഈ വാഹനം MLA ബോർഡ് വച്ച് ഉപയോഗിക്കുന്നത് ? അദ്ദേഹവും ഈ വ്യവസായിയുമായി എന്താണ് ബന്ധം?
സൗഹൃദത്തിന്റെ പേരിൽ ഒന്നോ രണ്ടോ ദിവസത്തേക്ക് വ്യവസായി ഏതെങ്കിലും MLA ക്ക് ഉപയോഗിക്കാൻ നൽകിയതാണെങ്കിൽ പിന്നെ ഈ ബോർഡിന്റെ ആവശ്യമുണ്ടോ ?
ചുരുങ്ങിയ സമയത്തേക്ക് ബോർഡ് വച്ചെങ്കിൽ മറ്റെന്തെങ്കിലും ദുരുദ്ദേശമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകുമോ ?
അതോ ഏതെങ്കിലും MLA ക്കുവേണ്ടി വ്യവസായി ബിനാമിയായി വാങ്ങിയതാണോ?
ഏതായാലും ഏത് സാമാജികനാണ് തന്റെ MLA ബോർഡ് ഈ വാഹനത്തിന് നൽകിയതെന്ന് വ്യക്തമായാലേ സംശയനിവാരണം സാധ്യമാകൂ.
എങ്കിലും ഒന്നു സൂചിപ്പിക്കട്ടെ. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ 10.12.2015 ലെ 29/2015 നമ്പർ സർക്കുലർ ഖണ്ഡിക 4 പ്രകാരം
“പാർലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികരും അവർക്ക് സ്വന്തമായിട്ടുള്ളതോ ഉപയോഗിക്കുന്നതോ ആയ വാഹനത്തിന്റെ മുന്വശത്തും പിറകുവശത്തും യഥാക്രമം എം പി , എം എൽ എ എന്നെഴുതിയ ബോർഡ് പ്രദർശിപ്പിക്കാവുന്നതാണ്”
ഏതായാലും ഈ MLA എന്റെ ജന്മനാടുൾപ്പെടുന്ന കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ളവരാകാൻ സാധ്യതയില്ല. കാരണം, ഒരാൾ മന്ത്രിയാണ്. മറ്റൊരാൾ MLA ആയപ്പോൾ മുതൽ “ഭാഗ്യശകടം” എന്നപേരിൽ ഒരു പഴയ ടോയോട്ട വാഹനത്തിൽ മണ്ഡലത്തിൽ സഞ്ചരിക്കുന്നതേ കണ്ടിട്ടുള്ളു. വേറൊരാൾക്ക് മാരുതിയാണ്.
എന്നിരുന്നാലും MLA മാർക്ക് വാഹനം വാങ്ങാൻ പലിശയില്ലാതെ പത്തുലക്ഷം രൂപ സർക്കാർ കടമായി അനുവദിക്കുമ്പോഴും അന്യന്റെ വണ്ടി ഉപയോഗിക്കാൻ താത്പര്യമുള്ള MLA ആരെന്നറിയാനുള്ള കൗതുകം ഇപ്പോഴും ബാക്കിയാവുന്നു..