modi

ജയ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസംഗിക്കാനായി വേദിയൊരുക്കിയത് മുന്നൂറോളം വീടുകൾ ഇടിച്ചു നിരത്തി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന റാലിക്കായി വേദിയൊരുക്കാനാണ് രാജസ്ഥാനിലെ ജയ്പൂരിലുള്ള മാനസരോവറിന് സമീപത്തെ ചേരി പൂർണമായും ഇടിച്ചുനിരത്തിയത്. മേയ് ഒന്നിനായിരുന്നു മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലി.

തിരഞ്ഞെടുപ്പ് റാലിക്ക് കുറച്ച് ദിവസം മുമ്പ് പ്രദേശവാസികളോട് വീട് ഒഴിഞ്ഞ് പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾ വീടുവിട്ട് പോകാൻ തയ്യാറാകാത്തതിനെ തുടർന്ന് ജെ.സി.ബി എത്തിച്ച് പ്രദേശത്തെ വീടുകൾ പൂർണമായും ഇടിച്ച് നിരത്തുകയായിരുന്നെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

പൊലീസിന്റെ നിർദേശത്തെ തുടർന്ന് കൂലിവേല ചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. വീടുകൾ ഇടിച്ചു നിരത്താനായി അധികൃതർ എത്തിയതോടെ വളരെ കുറച്ച് പേർക്ക് മാത്രമാണ് അവരുടെ സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സാധിച്ചത്. വീട് പൊളിക്കാൻ സമ്മതിക്കാത്തവരെ പൊലീസ് മർദിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.

bjp-rally

റാലി നടക്കുന്ന പരിസരത്ത് പോലും എത്തരുതെന്ന് ബന്ധപ്പെട്ടവർ ജനങ്ങളെ അറിയിച്ചിരുന്നു. വിലക്ക് മറികടന്ന് റാലി നടക്കുന്നിടത്ത് എത്തിയാൽ ഇപ്പോൾ സ്വന്തമായുള്ള സാധന സാമഗ്രികൾ കൂടി നശിപ്പിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രദേശവാസിയായ ഒരു വീട്ടമ്മ വ്യക്തമാക്കി. റാലിയുടെ തലേ ദിവസം പ്രദേശവാസികളെ പൊലീസ് ക്രൂരമായി മർദിച്ചെന്നും പരാതി ഉയർന്നിരിക്കുകയാണ്.

എന്നാൽ, സുരക്ഷാ ഭീഷണിയെ തുടർന്നാണ് ചേരി ഒഴിപ്പിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. ഭീകരവാദ പ്രവർത്തനങ്ങൾ നടക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാകില്ലെന്നും പൊലീസ് പറഞ്ഞു. കൂടാതെ ചേരിയിലെ ഒരു വീട് പോലും പൊലീസ് തകർത്തിട്ടില്ലെന്ന് ജയ്‌പൂർ സൗത്ത് എസ്‌.പി യോഗേഷ് ഡാധിച്ചിന്റെ വിശദീകരണം.

''തങ്ങളെ സംബന്ധിച്ച് 500 രൂപയുടെ കുടിലുണ്ടാക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടാണെന്ന് പ്രദേശവാസികൾ പറയുന്നു. അങ്ങനെ ഒരു വീട് ഇനി കെട്ടിപ്പൊക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല. വീട് തകർത്തതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ ജോലിക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. വീട് ഇല്ലാതായതോടെ സാധനങ്ങളെല്ലാം വഴിയോരത്താണ് വച്ചിരിക്കുന്നത്. ഇത് ഉപേക്ഷിച്ച് ജോലിക്ക് പോയാൽ തിരികെ എത്തുമ്പോഴേക്കും സ്വന്തമായുള്ള മുതലുകൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ജോലിക്ക് പോകാത്തത്. പൊലീസ് ഇവിടെ നിന്നും ഒഴിപ്പിക്കുമെന്ന ഭയത്തിലാണ് ജീവിക്കുന്നത്'' വീട് നഷ്ടപ്പെട്ട പ്രദേശവാസിയായ ലളിത പറഞ്ഞു.