shopian-encounter

ശ്രീനഗർ: കാശ്‌മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹിസ്ബുൾ കമാൻഡറാണ്. ഏറ്റുമുട്ടലിൽ ഒരു സെെനികന് പരിക്കേറ്റു. പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെ തന്നെ ഷോപ്പിയാനിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. സ്ഥലത്ത് കൂടുതൽ ഭീകരരുണ്ടെന്നാണ് വിവരം.


കഴിഞ്ഞ മാസം കാശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിൽ പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രണ്ട് പേരെയും സൈന്യം വധിക്കുകയായിരുന്നു.