കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രകടനം വിലയിരുത്തുവാനായി എറണാകുളത്ത് ചേർന്ന ബി.ജെ.പി നേതൃയോഗത്തിൽ പരാതികളുമായി സ്ഥാനാർത്ഥികളും നേതാക്കളും. ബി.ജെ.പി ദേശീയ തലത്തിൽ നിന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി അനുവദിച്ച കോടികൾ നാലു മണ്ഡലങ്ങളിൽ മാത്രം ചെലവഴിച്ചു എന്നാണ് യോഗത്തിലുയർന്ന മുഖ്യ ആരോപണം. പാർട്ടിയുടെ ശ്രദ്ധാ കേന്ദ്രങ്ങളായ തിരുവനന്തപുരം,പത്തനംതിട്ട,തൃശൂർ,പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് കേന്ദ്ര ഫണ്ട് ചെലവഴിച്ചത്. ബാക്കിയുള്ള സ്ഥാനാർത്ഥികളോട് അവർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ നിന്നും പണം കണ്ടെത്താൻ പാർട്ടി നിർദ്ദേശിച്ചുവെന്നും പരാതി ഉയർന്നിരുന്നു.
സാമൂഹിക മാദ്ധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചും യോഗത്തിൽ ചർച്ചയുയർന്നു. പാർട്ടിയിലെ ഒരു വിഭാഗം അവരുടെ വാർത്തകൾ മാത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനുൾപ്പടെ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടപ്പോൾ പ്രതിരോധിക്കാനായില്ലെന്നതും ആരോപണമുന്നയിച്ചവർ ചൂണ്ടിക്കാട്ടി. പത്തനംതിട്ട മണ്ഡലത്തിൽ ശ്രീധരൻ പിള്ള മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നു. മറ്റ് മുതിർന്ന നേതാക്കൾക്കെതിരെയും ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഫേസ്ബുക്കിലടക്കം നടന്നതായും നേതാക്കൾ ആരോപിക്കുന്നു.
തിരുവനന്തപുരം, പത്തനംതിട്ട,തൃശൂർ മണ്ഡലങ്ങളെ എപ്ലസ് കാറ്റഗറിയിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ഉൾപ്പെടുത്തിയിരുന്നത്. പാലക്കാട് മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം വോട്ട് വിഹിതം ഉയർത്തിയതാണ് അവിടം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധാ കേന്ദ്രം ആയത്. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി എത്തിയതോടെയാണ് കൂടുതൽ പ്രചാരണപ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചത്. സംസ്ഥാന നേതൃത്വം കൊല്ലം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന് സുരേഷ് ഗോപിയോട് ആദ്യ ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. എന്നാൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വം പ്രത്യേകിച്ച് അമിത് ഷാ ഇടപെട്ട് ഡൽഹിയിൽ വിളിച്ചു വരുത്തി സുരേഷ് ഗോപിയോട് തൃശൂർ മണ്ഡലത്തിൽ മത്സരിക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ ഇത്തവണ നേടുമെന്നാണ് ബി.ജെ.പി നേതൃയോഗം കണക്കാക്കുന്നത്. തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാൽ പാർട്ടി ജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലം കൂടിയാണിത്.