secretariate

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിനുള്ള പണം കണ്ടെത്താനായി വിദേശവായ്പ എടുക്കുന്നതിന്റെ ഭാഗമായി കിഫ്ബി സ്വരൂപിക്കുന്ന മസാല ബോണ്ടിന്റെ പേരിൽ ഉദ്യോഗസ്ഥർ കൂട്ടത്തോടെ ലണ്ടനിലേക്ക്. കിഫ്ബിയിലെ അസിസ്റ്റന്റ് തസ്തികയിലുള്ള ഉദ്യോഗസ്ഥർ മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഏഴ് ഉദ്യോഗസ്ഥരെയാണ് വിദേശ സാമ്പത്തിക ഇടപാടുകളിൽ പരിശീലനം നേടാനെന്ന പേരിൽ ഈ മാസം 16,17 തിയതികളിൽ ലണ്ടനിൽ കൊണ്ടുപോകുന്നത്. കിഫ്ബി ജോയിന്റ് ഫണ്ട് മാനേജറും അഡി. സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥയുമായ ആനി ജൂല തോമസ്, ഡെപ്യൂട്ടി ഫണ്ട് മാനേജർ വി.സുശീൽ കുമാർ, സെക്ഷൻ ഓഫീസർ ജ്യോതിലക്ഷ്മി, അസിസ്റ്റന്റ് തസ്തികയിലുള്ള ആർ. എസ് ഹേമന്ത്, ടി.വി.ഷാരോൺ, ടി.വി.സൂരജ്, എ. നൗഷാദ് എന്നിവരെയാണ് ലണ്ടനിലേക്ക് കൊണ്ടുപോകുന്നത്.

മസാല ബോണ്ടിലേക്ക് ഇതുവരെ 2,150 കോടിയാണ് ലഭിച്ചത്. വിദേശ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥർക്ക് വൈദഗ്ദ്ധ്യം ആവശ്യമാണെന്ന് പ്രധാന നിക്ഷേപകൻ നിർദ്ദേശിച്ചു എന്ന വാദത്തിന്റെ പേരിലാണ് ഇവരെ കൊണ്ടുപോകുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കി. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് കൗശിക് എന്നിവർ ഉൾപ്പെടെയുള്ള ഉന്നതതല സംഘം ഇതുകൂടാതെ വിദേശത്തേക്ക് പോകുന്നുണ്ട്.

മസാല ബോണ്ട് കൂടാതെ യു.എസ് ഡോളർ ബോണ്ട് ആണത്രെ അടുത്തതായി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി നിക്ഷേപം നടത്താൻ സാദ്ധ്യതയുള്ളവരുടെ യോഗം ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ വിളിച്ചുകൂട്ടിയിട്ടുണ്ട്. അതേസമയം, സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന സമയത്ത് അസിസ്റ്റന്റ് തസ്തികയിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടെ സംഘത്തിൽ ഉൾപ്പെടുത്തിയത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. രണ്ടുദിവസത്തെ വിദേശയാത്രയ്ക്ക് ഇത്രയധികം ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിലൂടെ ലക്ഷങ്ങളാവും സർക്കാരിന് ചെലവാകുക.

പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് വാഗ്ദാനം ചെയ്ത 10,000 രൂപ പോലും ഇതുവരെ മുഴുവനായും കൊടുക്കാനായിട്ടില്ല. കിട്ടാത്തവർ പലരും അപ്പീലുമായി പോയികിരിക്കുകയാണ്. സർക്കാരാണെങ്കിൽ അങ്ങേയറ്രം സാമ്പത്തിക പ്രതിസന്ധിയിലും. ഉദ്യോഗസ്ഥർക്ക് വാഗ്ദാനം ചെയ്ത ഡി.എ കുടിശിക പോലും കൊടുക്കാൻ പണമില്ല. ഈ സന്ദർഭത്തിൽ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിദേശ യാത്രയ്‌ക്ക് കൊണ്ടുപോയി പണം ധൂർത്തടിക്കുന്നതിനെതിരെയാണ് വിമർശനം ഉയർന്നത്.