ജോസഫ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് മാധുരി. ജോസഫിന് പിന്നാലെ നിരവധി ഓഫറുകൾ താരത്തിന് വന്നിരുന്നു. ഇപ്പോൾ മലയാളത്തിൽ ജയറാം നായകനാകുന്ന പട്ടാഭിരാമൻ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന് വൻ ഫോളോവേഴ്സാണ് ഉള്ളത്.
കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് താരം നടത്തിയ വിനോദയാത്രയുടെ നിരവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരുന്നു. എന്നാൽ താരം കടൽത്തീരത്ത് ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ചിത്രവും ഇതിനൊപ്പം പോസ്റ്റ‌് ചെയ്തിരുന്നു. എന്നാൽ മറ്റു ചിത്രങ്ങൾക്ക് കിട്ടിയ പ്രതികരണമായിരുന്നില്ല ബിക്കിനി ചിത്രത്തിന് ലഭിച്ചത്. ചിത്രം പോസ്റ്റ‌് ചെയ്തതിന് പിന്നാലെ നിരവധി പേർ അശ്ലീല കമന്റുകളുമായി എത്തുകയുമായിരുന്നു. സദാചാരം നിറഞ്ഞ് തുളുമ്പുന്ന കമന്റുകളും, അശ്ലീലവും നിറഞ്ഞ കമന്റുകളുമായിരുന്നു ഏറെയും.
മലയാളികളുടെ പ്രൊഫൈലിൽ നിന്നായിരുന്നു കൂടുതലും അശ്ലീല കമന്റുകൾ എത്തിയത്. എന്നാൽ, ബിക്കിനി ഫോട്ടോ എത്തിയതോടെ താരത്തിന് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ എണ്ണവും വർദ്ധിച്ചു. ഫോട്ടോയ്ക്ക് താഴെയുള്ള അശ്ലീല കമന്റുകൾ അതിരു കടന്നതോടെ ശക്തമായ പ്രതികരണവുമായി മാധുരി രംഗത്തെത്തുകയായിരുന്നു. ‘ബാത്തിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വച്ചാൽ ഇതാണോ അവസ്ഥ? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്.’ എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതിനു പിന്നാലെ താരം തന്നെ ചിത്രം ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.